ഫലസ്തീൻ: മുസ്ലിം ലീഗ് മഹാറാലി ഇന്ന്
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ മഹാറാലി വ്യാഴാഴ്ച കോഴിക്കോട്ട്. വൈകീട്ട് മൂന്നിന് കടപ്പുറത്ത് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയ, സംസ്ഥാന നേതാക്കൾ സംസാരിക്കും.
റാലിയുടെ വിജയത്തിന് കഴിഞ്ഞ ദിവസങ്ങളിൽ വിപുലമായ ഒരുക്കമാണ് നടന്നത്. ശാഖാതലങ്ങളിൽ വിളംബര ജാഥകളും ജില്ല, മണ്ഡലം, പഞ്ചായത്ത് പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. വാഹനങ്ങളിൽനിന്ന് നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ കടപ്പുറത്തെത്തുക. റാലിയുടെ ഭാഗമായി വ്യാഴാഴ്ച ഉച്ചക്കുശേഷം കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കുന്ന വേദിയുടെ ഒരുക്കം ബുധനാഴ്ച വിലയിരുത്തി. ജന. സെക്രട്ടറി പി.എം.എ. സലാം, ദേശീയ, സംസ്ഥാന ഭാരവാഹികൾ എന്നിവർ അനുഗമിച്ചു. ലോക മനസ്സാക്ഷി മരവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.