വിവാദം സി.പി.എമ്മിനെ വെള്ളപൂശാന്‍ - കെ. സുധാകരന്‍ എം.പി
text_fieldsതിരുവനന്തപുരം: ജനവിരുദ്ധമായ നയങ്ങള്‍ കൊണ്ട് അപ്രസക്തമായ സി.പി.എമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താന്‍ ചില കൂലി എഴുത്തുകാരും സി.പി.എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലീംലീഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വച്ച് മുസ്ലിം ലീഗിന്റെ എം.പിയായ ഇ.ടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിട്ടും പിന്നീടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ആശയമാണ് 'അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്ന്' തമാശ രൂപേണ പ്രതികരിച്ചത്. അതിനെ തന്റെ പ്രസ്താവന മുസ്ലീം ലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്തനല്‍കി. സി.പി.എമ്മിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുകയെന്നതിന് വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു വാര്‍ത്ത.
അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢബന്ധമാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താന്‍.
വളച്ചൊടിച്ച വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരുമായി ഈ വിഷയം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.