ഫലസ്തീൻ ഐക്യദാർഢ്യറാലി: ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം
text_fieldsകോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി 11ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ഫലസ്‌തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിക്കുമെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ. ക്ഷണിച്ചാൽ റാലിയിൽ പങ്കെടുക്കുമെന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നു. ഫലസ്‌തീൻ വിഷയത്തിൽ സങ്കുചിത രാഷ്‌ട്രീയം കലർത്തേണ്ടതില്ല.
മനുഷ്യത്വത്തിന്റെ പ്രശ്‌നമായി കണ്ടാൽ മതി. ഫലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ അഭിപ്രായമില്ല. ലീഗിന്റെ ഫലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്ത് എ.ഐ.സി.സി അംഗം ശശി തരൂർ ഇസ്രായേൽ അനുകൂല പ്രസംഗം നടത്തിയത് നമുക്ക് മുന്നിലുണ്ട്. ആ കെണിയിൽ വീഴാൻ സി.പി.എമ്മില്ല. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലെ യാസർ അറാഫത്ത് നഗറിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്‌ഘാടനം ചെയ്യും.
മന്ത്രിമാർക്കും സി.പി.എം നേതാക്കൾക്കും പുറമെ ഇടത് മുന്നണിയിലെ മുതിർന്ന നേതാക്കളും ലീഗ് പ്രതിനിധിയും വിവിധ മത-സാമുദായിക-സാംസ്‌കാരിക സംഘടന പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണനും പങ്കെടുത്തു.
ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.