ഫലസ്തീൻ ഐക്യദാർഢ്യ റാലി; ഈരാറ്റുപേട്ടയിൽ പള്ളി ഇമാമുമാരടക്കം 20 പേർക്കെതിരെ കേസ്
text_fieldsഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസ്. ഗതാഗതതടസ്സം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം അടക്കം കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് സ്വമേധയാ കേസെടുത്തത്.
പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, മുഹ്യിദ്ദീൻ പള്ളി ചീഫ് ഇമാം വി.പി. സുബൈർ മൗലവി, നൈനാർ പള്ളി മഹല്ല് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇൽയാസ്, അയ്യൂബ് ഖാൻ എന്നിവരടക്കം നേതൃത്വം നൽകിയ 20 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അനധികൃതമായി സംഘം ചേരൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറുമാസം വരെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പൊലീസിനെ മുൻകൂട്ടി അറിയിച്ചും അനുവാദം വാങ്ങിയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് റാലി നടത്തിയത്.
പി.എം.സി ജങ്ഷനിൽനിന്ന് ആരംഭിച്ച് തെക്കേക്കര മുട്ടം ജങ്ഷൻ ചുറ്റി നൈനാർ പള്ളി കവാടത്തിലാണ് സമാപിച്ചത്. പ്രകടനം കടന്നുപോകുന്ന വഴിയിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസും ഉണ്ടായിരുന്നു.
വാഹനങ്ങൾ നിയന്ത്രിച്ചത് പൊലീസ് തന്നെയാണ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷമായതുകൊണ്ടും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടും ജനപങ്കാളിത്തം കൂടുതലായിരുന്നു. സമാപന പൊതുയോഗം നടത്തിയ സ്ഥലത്താണ് അൽപം ഗതാഗതപ്രശ്നം വന്നത്. ഇതാണ് കേസ് എടുക്കാൻ കാരണമായി പൊലീസ് പറയുന്നത്.
സമാധാനപരമായും അച്ചടക്കത്തോടെയും നടത്തിയ റാലിക്കെതിരെ കേസ് എടുത്തത് ദുരുദ്ദേശപരവും നാടിനെ മോശമാക്കാനുള്ള കുൽസിത ശ്രമങ്ങളുടെ ഭാഗവുമാണെന്ന് സംഘാടക സമിതി കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം റാലികൾ നടത്തുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന മുന്നണിയും ഫലസ്തീനോടുള്ള ഐക്യദാർഢ്യം അറിയിച്ചിട്ടുള്ളതാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
ഈരാറ്റുപേട്ടയെ തീവ്രവാദ കേന്ദ്രമാക്കിയ എസ്.പിയുടെ റിപ്പോർട്ടിനെതിരിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പകപോക്കലാണ് കേസെടുക്കാൻ കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
അതിനിടെ, നാട്ടിലെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കഥകള്‍ കെട്ടിച്ചമച്ച് കേസ് രജിസ്റ്റര്‍ ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.