ഫലസ്തീൻ ഐക്യദാർഢ്യ നിലപാടിൽ മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്, പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും
text_fieldsതിരുവനന്തപുരം: മലപ്പുറത്ത് പാർട്ടി വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത് നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. ഉത്തരവാദപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പ്രതികരിച്ചു.
ഫലസ്തീനിൽ അധിനിവേശവും ചെറുത്തു നിൽപ്പുമാണ് നടക്കുന്നത്. 1938 ഫലസ്തീൻ ജനതക്ക് വേണ്ടി പ്രമേയം പാസാക്കിയ പാർട്ടിയാണ് കോൺഗ്രസ്. ഇസ്രായേൽ ഒരു മതരാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ ഇത് നരകത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇതിനിടയിൽ സി.പി.എമ്മിെൻറ ക്ഷണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ ആര്യാടൻ ഷൗക്കത്ത് തയ്യാറായില്ല.
പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെ.പി.സി.സിക്ക് നൽകിയ വിശദീകരണമെന്നറിയുന്നു. ഇത് കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് നേരിട്ടുള്ള ഹിയറിങിൽ ആര്യാടൻ ഷൗക്കത്ത് പങ്കെടുത്തത്. ഫലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സി.പി.എം അവസരം മുതലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. എന്നാൽ പാർട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമർശകരായ ഡി.സി.സിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോൺഗ്രസിന് മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.