ഫലസ്തീൻ ഐക്യദാർഢ്യം; വീണ്ടും യു.ഡി.എഫിനെ കെണിയിലാക്കി സി.പി.എം
text_fieldsകോഴിക്കോട്: നവംബർ 11ന് കോഴിക്കോട് സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയിൽ വിവാദക്കൊടുങ്കാറ്റ്. ബഷീറിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് സി.പി.എം ലീഗിനെ റാലിക്ക് ക്ഷണിക്കുകകൂടി ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. ഇതോടെ നിലപാട് പറയാൻ നിർബന്ധിതമായ സാഹചര്യത്തിൽ ശനിയാഴ്ച നേതൃയോഗം ചേർന്ന് ലീഗ് തീരുമാനം പ്രഖ്യാപിക്കും.
സി.പി.എം നേരത്തെ കോഴിക്കോട് സംഘടിപ്പിച്ച ഏക സിവിൽ കോഡ് സെമിനാറിൽനിന്ന് വിട്ടുനിന്ന പോലെ, നിലവിലെ സാഹചര്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിലും ലീഗ് പങ്കെടുക്കാനിടയില്ല. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ലീഗ് നേതൃത്വവും ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം, ലീഗ് പങ്കെടുത്തില്ലെങ്കിലും കോൺഗ്രസിനും ലീഗിനുമിടയിൽ ആശയക്കുഴപ്പവും അസ്വാരസ്യവും സൃഷ്ടിക്കാൻ കഴിഞ്ഞതിൽ വിജയം കണ്ടതായാണ് സി.പി.എം വിലയിരുത്തൽ.
കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ലെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവനയിൽ ലീഗ്-കോൺഗ്രസ് ഭിന്നതയിലുള്ള മുതലെടുപ്പ് സ്വരം വ്യക്തം. റാലിയിൽ പങ്കെടുക്കുന്ന വിഷയത്തിൽ പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്നും ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ഡോ. എം.കെ. മുനീറിന്റെ പ്രതികരണം. അതിനിടെ, സി.പി.എം റാലിയിൽ പങ്കെടുക്കുമെന്ന് വ്യാഴാഴ്ച പറഞ്ഞ ഇ.ടി. മുഹമ്മദ് ബഷീർ വെള്ളിയാഴ്ച വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തി.
ഏക സിവിൽ കോഡിലെന്നപോലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലൂടെയും ന്യൂനപക്ഷ വിഭാഗത്തിന്റെ അടുപ്പം സമ്പാദിക്കുകയാണ് സി.പി.എം ലക്ഷ്യം. ആഗോളതലത്തിൽ മനുഷ്യാവകാശപ്രശ്നമായി ഉയർത്തിക്കാട്ടുന്ന ഫലസ്തീൻ പ്രശ്നത്തിൽ മത സംഘടനകളെ അടക്കം ഉൾപ്പെടുത്തി കൊച്ചിയിലോ തിരുവനന്തപുരത്തോ റാലി നടത്താതെ കോഴിക്കോട് തന്നെ നടത്തുന്നതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം ലീഗ് നേതാക്കളിലും പ്രവർത്തകരിലുമുള്ളത്. മാത്രവുമല്ല, ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ ഭീകരതയോട് പ്രതിരോധം തീർക്കുന്ന ഹമാസിനെ സി.പി.എം നേതാവ് കെ.കെ. ശൈലജ എം.എൽ.എ ഭീകരസംഘടനയായി ചിത്രീകരിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഡോ. ശശി തരൂർ ഇസ്രായേലിൽ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാൽ, തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കളാരും ഹമാസിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ലെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, കോൺഗ്രസിനെ മാറ്റിനിർത്തി സി.പി.എം നടത്തുന്ന റാലിയിൽ ലീഗ് പങ്കെടുക്കുന്നതിനോട് വലിയ വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും യോജിപ്പില്ല.
അതേസമയം, ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവന ലീഗിനെ കെണിയിലാക്കുകയും ചെയ്തു. സി.പി.എമ്മിന്റെ ക്ഷണം വന്നതോടെ മുതിർന്ന നേതാവിന്റെ പ്രസ്താവനയെന്ന നിലയിൽ അതിനോട് നീതി പുലർത്തേണ്ട ബാധ്യത ലീഗിന് മുന്നിലുണ്ട്. പക്ഷേ, ഇതിനേക്കാൾ പ്രധാനം ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുന്നണിയിലുണ്ടായേക്കാവുന്ന ഭിന്നതയും അസ്വാരസ്യവുമാണ്. ഇക്കാര്യം പരിഗണിക്കാതെയുള്ള നിലപാട് ഘടകകക്ഷിയായ ലീഗിൽനിന്ന് ഉണ്ടായതിൽ കോൺഗ്രസിനകത്ത് കടുത്ത അമർഷമുണ്ട്. ഈ നീരസമാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ രൂക്ഷ പ്രതികരണത്തിൽ പ്രതിഫലിച്ചതും. ഫലസ്തീൻ എല്ലാവർക്കും യോജിക്കാവുന്ന വിഷയമാണെങ്കിൽ കൂടി നിലവിലെ സാഹചര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന ഏത് തരത്തിലുള്ള നീക്കവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ സി.പി.എം ക്ഷണത്തോട് ലീഗ് അനുകൂല നിലപാട് സ്വീകരിക്കാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.