കാറിന് ഒരു ഭാഗത്തേക്ക് 80 രൂപ; പാലിയേക്കര ടോൾ നിരക്ക് വര്‍ധന നിയമവിരുദ്ധമെന്ന്, പ്രതിഷേധമുയരുന്നു
text_fieldsആമ്പല്ലൂര്‍ (തൃശൂർ): പാലിയേക്കര ടോള്‍ പ്ലാസയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടോൾ നിരക്ക് വര്‍ധിപ്പിക്കാനുള്ള കരാര്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. നാഷനല്‍ ഹൈവേസ് (ഡിറ്റര്‍മിനേഷന്‍ ഓഫ് റേറ്റ്‌സ് ആന്‍ഡ് കളക്ഷന്‍ ) റൂള്‍സ് 2008 പ്രകാരം നിലവിലെ തുകയുടെ മൂന്ന്ശതമാനം മാത്രമേ വര്‍ധനവ് അനുവദിക്കാന്‍ പാടുള്ളൂവെന്നും എന്നാൽ ഇത് ലംഘിച്ചാണ് പുതിയ വർധനവെന്നും ഡി.സി.സി വൈസ് പ്രസിഡന്‍റും തൃശുർ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് ആരോപിച്ചു. 6.6 മുതല്‍ 10 ശതമാനം വരെയാണ് വിവിധ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്ക് വര്‍ധിപ്പിച്ചത്. ഇത് അന്യായവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക്. സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. ഇതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ടോൾ ഒഴിവാക്കി പോകാനുള്ള സമാന്തര പാതകളെ കുറിച് സാമൂഹികമാധ്യമങ്ങളിൽ പ്രചരണം ശക്തമാണ്.
നിരക്ക് കൂട്ടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിരക്ക് വര്‍ധനവ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എന്‍.എച്ച്.എ.ഐ പ്രൊജെക്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് ജോസഫ് ടാജറ്റ് കത്ത് നല്‍കി. 2018 സെപ്റ്റംബറില്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോൾ തന്നെ നാഷനല്‍ ഹൈവേസ് (ഡിറ്റര്‍മിനേഷന്‍ ഓഫ് റേറ്റ്‌സ് ആന്‍ഡ് കളക്ഷന്‍ ) റൂള്‍സ് 2008 ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ താന്‍ ഹരജി നല്‍കിയിരുന്നുവെന്നും അത് ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ ഹരജിയില്‍ കണ്‍സെഷന്‍ എഗ്രിമെന്‍റ് എല്‍ ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ള അറ്റകുറ്റപ്പണികളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയാക്കാതെ നിരക്ക് വര്‍ധിപ്പിച്ചതും ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ കണ്‍സെഷന്‍ എഗ്രിമെന്‍റ് പ്രകാരം ചെയ്തു തീര്‍ക്കേണ്ട പഞ്ച് ലിസ്റ്റില്‍ പറയുന്ന പുതുക്കാട് മേൽപ്പാലം, ചാലക്കുടി അടിപ്പാത എന്നിവയുടെ പണി പൂര്‍ത്തീകരിച്ചിട്ടുമില്ല. ഹരജിയില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിയോട് ഹൈകോടതി നിര്‍ദ്ദേശിച്ചിട്ടും പണി പൂര്‍ത്തീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.