സാന്ത്വനപരിചരണം രോഗിയുടെ അടിസ്ഥാന മനുഷ്യാവകാശം
text_fieldsജീവിതാന്ത്യം മുന്നിൽകാണുന്ന രോഗങ്ങളാലും മറ്റും കിടപ്പിലായ രോഗികൾക്ക് നൽകുന്ന സാന്ത്വനപരിചരണത്തിെൻറ കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയാണ് കേരളം. സാന്ത്വനപരിചരണം ഇത്രത്തോളം വ്യാപകവും ജനകീയവുമായ മറ്റൊരിടവും ലോകത്ത് നമുക്ക് കാണാൻ കഴിയില്ല. സാന്ത്വന പരിചരണം അർഹരായ മുഴുവൻ ആളുകൾക്കും എത്തിക്കുന്നതിനാവശ്യമായ പരിശ്രമങ്ങൾ ഉൗർജിതമാക്കുന്നതിനായി ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച ലോക പാലിയേറ്റിവ് കെയർ ദിനമായി ആചരിച്ചുവരുകയാണ്.
ദിനാചരണത്തിെൻറ ഇൗ വർഷത്തെ പ്രമേയം സാന്ത്വന പരിചരണം- കാരണം ഞാനും പ്രസക്തനാണ് (Palliative care-Because I matter) എന്നതാണ്. പാലിേയറ്റിവ് പരിചരണത്തിെൻറ തുടക്കക്കാരിയായി അറിയപ്പെടുന്ന സിസിലി സോണ്ടേഴ്സിെൻറ നൂറാം ജന്മദിനവർഷമായതിനാൽ ‘‘നിങ്ങൾ നിങ്ങളായതുകൊണ്ട് പ്രസക്തനായതുപോലെ നിങ്ങളുടെ ജീവിതാന്ത്യംവരെയും നിങ്ങൾ പ്രസക്തനാണ്’’ (You matter because you are you and you matter until the end of your life) എന്ന വചനത്തിൽനിന്നാണ് ഇൗ പ്രമേയം രൂപംകൊണ്ടത്.
സാന്ത്വന പരിചരണം എന്നത് ആഗോള ആരോഗ്യ പരിരക്ഷയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ് ലോകാരോഗ്യ സംഘടന വിവക്ഷിച്ചിട്ടുള്ളത്. പരിചരണം ആവശ്യമായ മുഴുവൻ രോഗികൾക്കും അത് ലഭ്യമാക്കുക എന്നത് മനുഷ്യാവകാശത്തിെൻറയും നീതിയുടെയും തേട്ടമാണ്. എന്നാൽ, ഇൗ അവകാശം അനുവദിച്ചുകിട്ടുന്നതിന് ഒേട്ടറെ കടമ്പകളുണ്ട്. ഞാൻ പ്രസക്തനാണെങ്കിൽ എന്തുകൊണ്ട് എനിക്കാവശ്യമായ പരിചരണം ലഭിക്കുന്നില്ല എന്നാണ് ഒാരോ രോഗിയും നമ്മോട് ചോദിക്കുന്നത്. സാന്ത്വന പരിചരണമെന്നത് അടിസ്ഥാന മനുഷ്യാവകാശമെന്ന നിലക്ക് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ചുറ്റുപാടുകൾ പരിഗണിക്കാതെതന്നെ ഒാരോ രോഗിക്കും ലഭിക്കേണ്ടതുണ്ട്. ആധുനിക ചികിത്സാരംഗം പലപ്പോഴും രോഗിയുടെ മനുഷ്യാവകാശത്തെയോ അഭിപ്രായങ്ങളെയോ പരിഗണിക്കുന്നതായി കാണുന്നില്ല. ബന്ധുക്കളുടെയും കൂട്ടിരിപ്പുകാരുടെയും തീരുമാനങ്ങളാണ് പരിഗണിക്കപ്പെടുന്നത്.
കിടപ്പുരോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കാത്തതിന് കുടുംബസാഹചര്യങ്ങളും സാമ്പത്തികനിലയും കാരണമാവാറുണ്ട്. പാലിയേറ്റിവ് പരിചരണം ഏറക്കുറെ സൗജന്യമായ കേരളത്തിൽ ഇതിന് പ്രസക്തിയില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഇത് ഏറെ പ്രസക്തമാണ്. ലോകരാജ്യങ്ങളിൽ ചുരുക്കം ഇടങ്ങളിൽ മാത്രമേ പാലിയേറ്റിവ് പരിചരണം നിലവിലുള്ള ചികിത്സാരീതികളോടൊപ്പം നടക്കുന്നുള്ളൂ.
രോഗപീഡയാൽ കഴിയുന്നവർക്ക് വേദനസംഹാരികൾകൊണ്ടും പരിചരണംകൊണ്ടും വേദന ലഘൂകരിച്ച് പുഞ്ചിരിയോടെ മരണത്തെ പുൽകാൻ സഹായിക്കുകയാണ് സാന്ത്വന പരിചരണത്തിലൂടെ ചെയ്യുന്നത്. ജീവിതാന്ത്യത്തിൽ മാത്രമല്ല, ജീവിതയാത്രക്കിടയിലുണ്ടാകുന്ന പ്രത്യേക അവസ്ഥകളിലും മരുന്നു ചികിത്സയോടൊപ്പം സാന്ത്വന പരിചരണവും നൽകുന്ന രീതിയിലേക്ക് ഇത് വളർന്നിരിക്കുന്നു.
നമ്മുടെ സംസ്ഥാനത്ത് അർഹരായ മുഴുവൻ രോഗികൾക്കും പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാറിെൻറ കടമയാണ്. കേരളത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കീഴിലുള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലൂടെ മാത്രം ഇത് സാധ്യമാവുകയില്ല.
നിലവിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയാൽ ഇൗ ലക്ഷ്യം എളുപ്പത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. രാജ്യത്ത് ആദ്യമായി പാലിയേറ്റിവ് നയം പ്രഖ്യാപിച്ച സംസ്ഥാനമാണെങ്കിലും സർക്കാർ നിർദേശപ്രകാരമുള്ള ജനകീയ സഹകരണത്തോടെയല്ല ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇൗ പ്രവർത്തനങ്ങൾ നടക്കുന്നത്. വേദന സംഹാരികളുടെ ലഭ്യതയാണ് സാന്ത്വന പരിചരണമേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. വേദനസംഹാരികളുടെ ദുരുപയോഗം തടഞ്ഞുകൊണ്ടുതന്നെ അവയുെട ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ നടപടികളെടുക്കണം. ‘‘പാലിയേറ്റിവ് പരിചരണ രംഗത്തെ ചലനങ്ങൾ-ഗുണമേന്മ ഉറപ്പുവരുത്തി, പരിഹാരം കാണുന്നു’’ എന്ന പ്രമേയത്തെ മുൻനിർത്തി പാലിയേറ്റിവ് പ്രവർത്തകരുടെ 26ാമത് അന്താരാഷ്ട്ര സമ്മേളനം 2019 ഫെബ്രുവരി 8, 9, 10 തീയതികളിൽ ആലുവയിൽ നടക്കുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പെങ്കടുക്കുന്ന ഇൗ സമ്മേളനത്തിൽ പാലിയേറ്റിവ് രംഗത്തെ നൂതന പ്രവണതകളും പ്രശ്നങ്ങളും ചർച്ചചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി കൺവീനറും 2019ലെ അന്താരാഷ്ട്ര പാലിയേറ്റിവ് കെയർ സമ്മേളനത്തിെൻറ ജനറൽ കൺവീനറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.