നാലു ചുവരുകൾക്കുള്ളിൽ നിന്നവർ പുറത്തുകടന്നു; സർഗാത്മകതയുടെ ചക്രവാളങ്ങളിലേക്ക്
text_fieldsകോഴിക്കോട്: വീൽചെയറുകളിലിരുന്ന് അതിരുകളില്ലാത്ത അക്ഷരലോകത്തെക്കുറിച്ച് സ്വപ്നം കണ്ടവർക്കുമുന്നിൽ പ്രതീക്ഷയുടെ പുതുലോകം തുറന്ന് ‘അക്ഷരപ്പച്ച’യെന്ന സർഗവേദി. ശരീരത്തിെൻറ ചലനശേഷി നഷ്ടപ്പെട്ടവർക്ക് ഗ്രീൻ പാലിയേറ്റിവ് ഒരുക്കിയ ഏകദിന രചന ശിൽപശാലയിലാണ് പരിമിതികളെ പിന്തള്ളി എഴുത്തിെൻറയും ചിന്തയുടെയും പുതിയ അടയാളപ്പെടുത്തലുകൾ ഉയർന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലായ റഈസ് ഹിദായയിലാണ് ഗ്രീൻ പാലിയേറ്റിവ് എന്ന കൂട്ടായ്മയുടെ ആശയമുദിക്കുന്നത്. വിധിയെ പഴിച്ചിരിക്കാൻ തയാറല്ലെന്നു പ്രഖ്യാപിച്ച റഈസും എറണാകുളത്തുനിന്ന് ശിൽപശാലയിൽ പങ്കെടുക്കാൻ മാത്രമെത്തിയ കാഴ്ചശേഷിയില്ലാത്ത രഘൂത്തമനും പോളിയോ ബാധിച്ച് ക്രച്ചസിെൻറ സഹായത്തോടെ മാത്രം ചലിക്കാനാവുന്ന നാസർ ചാലിയവുമെല്ലാം തങ്ങളുടെ ജീവിതാനുഭവങ്ങളും എഴുത്തനുഭവങ്ങളും പങ്കുവെച്ചു.
ഒറ്റപ്പെടലിൽനിന്ന് രക്ഷപ്പെടാനും ആത്മാവിഷ്കാരത്തിനുമുള്ള മാർഗമാണ് ഈ കുത്തിക്കുറിക്കലുകളെന്ന് പങ്കെടുത്തവർ പറഞ്ഞു. ചെറിയ പ്രായത്തിൽത്തന്നെ ജീവിതാനുഭവങ്ങൾ ആത്മകഥാരൂപത്തിൽ തയാറാക്കിയ നരിക്കുനിയിലെ ഒമ്പതാംക്ലാസുകാരി ഷാദിയ മുതൽ ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ച അറുപതിനോടടുത്ത അഹമദ് കുട്ടി വാഴയൂർ വരെ അക്ഷരങ്ങളെയും സർഗഭാവനയെയും പരിപോഷിപ്പിക്കാൻ ക്യാമ്പിലെത്തിയിരുന്നു.
ഭാഷയും എഴുത്തിെൻറ ശൈലിയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ശിൽപശാലയിൽ വിദഗ്ധർ പങ്കുവെച്ചു. ജെ.ഡി.ടി കാമ്പസിൽ നടന്ന ശിൽപശാലയിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളിൽനിന്നുള്ള 25 പേർ പങ്കെടുത്തു. ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യത്തിലൂടെ തോൽപിച്ച മാരിയത്ത് സി.എച്ച് ശിൽപശാല ഉദ്ഘാടനം ചെയ്തു. ജസ്ഫർ കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു.
പി.കെ. പാറക്കടവ്, ഷാഹിന കെ. റഫീഖ്, പ്രഫ. ഹിക്മത്തുല്ല എന്നിവർ സംസാരിച്ചു. നജീബ് മൂടാടി സ്വാഗതവും ഫാത്തിമ ദോഫാർ നന്ദിയും പറഞ്ഞു. മുസഫർ അഹമ്മദ്, പ്രഫ. എം.എ. റഹ്മാൻ, സാഹിറ റഹ്മാൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.