പാലോട് ബാലകൃഷ്ണപിള്ള വധം; ഒന്നാംപ്രതിക്ക് 16 വർഷം തടവ്
text_fieldsതിരുവനന്തപുരം: പാലോട് ബാലകൃഷ്ണപിള്ള വധക്കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. പാങ്ങോട് മൈലമൂട് വാഴോട്ടുകാല തടത്തരികത്ത് വീട്ടിൽ റോണി എന്ന അനീഷ് (42), കൊച്ചാന കല്ലുവിള വേലൻമുക്ക് നളൻ (42) എന്നിവരെയാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്. ഒന്നാം പ്രതി അനീഷ് പത്ത് വർഷ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവും അനുഭവിക്കണം.
450 വകുപ്പ് പ്രകാരം ആറ് വർഷവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും 426 വകുപ്പ് അനുസരിച്ച് രണ്ടുമാസം കഠിനതടവും അനുഭവിക്കണം. രണ്ടാംപ്രതി നളൻ 451വകുപ്പ് പ്രകാരം ഒരുവർഷം തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കഠിനതടവും 426 വകുപ്പ് പ്രകാരം രണ്ടുമാസം കഠിനതടവും അനുഭവിക്കണം. ശിക്ഷാകാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി.
2016 മാർച്ച് 31ന് ഉച്ചക്ക് രണ്ടിനുശേഷമാണ് സംഭവം. ബാലകൃഷ്ണപിള്ള കോട്ടയപ്പൻകാവ് പോസ്റ്റ് ഓഫിസിന് സമീപം നടത്തിയിരുന്ന സ്റ്റേഷനറികടയിൽ സാധനങ്ങൾ വാങ്ങിയ പ്രതികൾ പണം നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. കടയുടമ പണം ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും മർദിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതി പിടിച്ചുതള്ളിയപ്പോൾ തല തറയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരണപ്പെട്ടു.ഒന്നാം പ്രതിയോടൊപ്പം കടയിൽ അതിക്രമിച്ച് കയറിയതിനും ആക്രമം കാണിച്ചതിനുമാണ് രണ്ടാംപ്രതിയെ ശിക്ഷിച്ചത്.
അന്നേദിവസം വൈകീട്ട് മൈലംമൂട് െവച്ച് കേസിലെ ഏഴാം സാക്ഷി അഖിൽദാസനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് രണ്ടുപ്രതികൾക്കുമെതിരെ വധശ്രമത്തിന് പാങ്ങോട് പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷൻ ഭാഗം 16 സാക്ഷികളെയും 35 രേഖകളും നാല് തൊണ്ടിമുതലുകളും വിചാരണസമയത്ത് പരിഗണിച്ചു.
സംഭവസമയം ബാലകൃഷ്ണപിള്ളയുടെ കടയുടെ അടുത്ത് കട നടത്തിയിരുന്ന മൂന്നാം സാക്ഷി കരുണാകരൻ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ്, അഭിഭാഷകരായ സി.പി. രഞ്ജു, ജി.ആർ. ഗോപിക, ഇനില എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.