പമ്പ സ്പെഷൽ; സ്റ്റേഷനിൽ രണ്ട് ബസ് മതിയെന്ന് റെയിൽവേ
text_fieldsകോട്ടയം: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി പമ്പ സ്പെഷൽ സർവിസ് അധിക ബസുകളുടെ പാർക്കിങ് വിലക്കി റെയിൽവേ. രണ്ടു ബസ് മാത്രം നിർത്തിയിട്ടാൽ മതിയെന്നാണ് പുതിയ നിർദേശം. ഇതിനെതിരെ കെ.എസ്.ആർ.ടി.സി അധികൃതർ റെയിൽവേ ജനറൽ മാനേജർക്ക് പരാതി നൽകി. ആഴ്ചാവസാനം ആയതിനാൽ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് 11 ബസ് കൂടുതൽ അനുവദിച്ചിരുന്നു.
ഈ ബസുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും പാർക്കിങ്ങിന് ഇടമില്ലാത്തതിനാൽ മടങ്ങിപ്പോയി. റെയിൽവേ സ്റ്റേഷൻ വളപ്പിനകത്ത് പിൽഗ്രിം സെന്ററിനു സമീപത്തെ റോഡരികിലാണ് ബസുകൾ സാധാരണ നിർത്തിയിടാറുള്ളത്. എന്നാൽ, ഞായറാഴ്ച മുതൽ സ്വകാര്യ വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് കോട്ടയം. റെയിൽവേ സ്റ്റേഷനിലാണ് ഏറ്റവുമധികം തീർഥാടകർ വന്നിറങ്ങുന്നത്.
സ്പെഷൽ ട്രെയിനുകളിൽ വരുന്ന ഭക്തർക്ക് യാത്ര ചെയ്യാൻ എരുമേലി, പമ്പ ഓരോ സർവിസ് മതിയാകില്ല. രണ്ടു കിലോമീറ്റർ അകലെയുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് എത്തുമ്പോഴേക്കും വൈകുകയും ചെയ്യും. ഈ സാഹചര്യത്തിൽ തീർഥാടകർ ബസിനു കാത്തുനിൽക്കാതെ ടാക്സി വാഹനങ്ങളിൽ പോകുന്നത് കെ.എസ്.ആർ.ടി.സിക്കു നഷ്ടമാണ്. ആവശ്യത്തിനു ബസ് ഇല്ലെന്നു പരാതി വന്നപ്പോഴാണ് കൂടുതൽ ബസ് അനുവദിച്ചത്. സാധാരണ എട്ടോളം ബസ് സ്റ്റേഷനിൽ നിർത്തിയിടാറുള്ളതാണ്.
ഇത്തവണയാണ് വിലക്ക് വന്നത്. 44 ബസാണ് സ്പെഷൽ സർവിസിന് അനുവദിച്ചിട്ടുള്ളത്. തിരക്കിനനുസരിച്ച് ലൈൻ ബസുകളുമുണ്ട്. തുടക്കം മുതൽ റെയിൽവേ തങ്ങളെ അവഗണിക്കുന്നതായി കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതിയുണ്ട്. സ്റ്റേഷനിൽ കൗണ്ടർ ആരംഭിക്കാൻ കണ്ണായ സ്ഥലം സ്വകാര്യ ടാക്സിക്കാർക്കാണ് നൽകിയത്.
ഇവരോടു മത്സരിച്ചാണ് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നത്. ഇവരുമായി സംഘർഷങ്ങളും ഉണ്ടാവാറുണ്ട്. ശബരിമല തീർഥാടനം തുടങ്ങിയതോടെ റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ പാർക്കിങ്ങിനുപോലും വേണ്ടത്ര സൗകര്യമില്ല.
കെ.എസ്.ആർ.ടി.സിക്ക് 1.75 കോടി വരുമാനം
കോട്ടയം: കെ.എസ്.ആർ.ടി.സി പമ്പ സ്പെഷൽ സർവിസിന് ഒരുമാസത്തെ വരുമാനം 1,75,66,978 രൂപ. മണ്ഡലകാലം തുടങ്ങിയ നവംബർ 17 മുതൽ ഡിസംബർ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,02,37,567 രൂപയായിരുന്നു വരുമാനം. ഇത്തവണ 26,70,589 രൂപയുടെ കുറവുണ്ട്.
കഴിഞ്ഞ വർഷം ശരാശരി 70 ബസാണ് സർവിസ് നടത്തിയത്. ഈ വർഷം 88 ബസും. റെയിൽവേയുടെ നിസ്സഹകരണ നടപടികളാണ് വരുമാനം കുറയാൻ കാരണമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യരുതെന്ന നിർദേശം വന്നതോടെ ഇനിയും വരുമാനം കുറയാനാണ് സാധ്യതയെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.