പമ്പ മണലെടുപ്പ്: ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: പമ്പ മണലെടുപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ ത്വരിതാന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഉദ്യോഗസ്ഥരടക്കം പൊതുപ്രവർത്തകർക്കെതിരെ മുൻകൂർ അനുമതിയില്ലാതെ അന്വേഷണം സാധ്യമല്ലെന്ന വസ്തുതയടക്കം വിലയിരുത്താതെ തിരുവനന്തപുരം വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ നൽകിയ ക്രിമിനൽ റിവിഷൻ ഹരജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്‍റെ ഉത്തരവ്. വിജിലൻസ് അന്വേഷണം നിരസിച്ച സർക്കാർ ഉത്തരവ് നിലനിൽക്കെ അതേ വിഷയത്തിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.
2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞ 90,000 ഘനമീറ്റര്‍ മണല്‍ നീക്കുന്നതിന് ജില്ല കലക്ടര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല പരാതി നൽകിയത്. 40 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് വിജിലൻസ് കോടതി വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചത്.
പമ്പാ-ത്രിവേണി മേഖലയിൽ അടിഞ്ഞ മണ്ണ്, ചളി, പ്ലാസ്റ്റിക്, തുണി മാലിന്യം എന്നിവ സൗജന്യമായി നീക്കം ചെയ്യാൻ കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രോഡക്‌ട്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ് അന്നത്തെ പത്തനംതിട്ട ജില്ല കലക്‌ടർ പി.ബി. നൂഹ് അനുമതി നൽകിയത്. റവന്യൂ, വനം വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിലെ മണൽ നീക്കത്തിന് ഇവരുടെ അനുമതിയില്ലാതെ പൊതുമേഖല സ്ഥാപനത്തിന് അനുവാദം നൽകിയത് അഴിമതിയാണെന്ന് ആരോപിച്ച് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
എന്നാൽ, പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കാനുമാണ് കലക്ടർ നടപടി സ്വീകരിച്ചതെന്ന് വിലയിരുത്തിയ സർക്കാർ വിജിലൻസ് അന്വേഷണ ആവശ്യം തള്ളി. എന്നാൽ, ജില്ല കലക്ടർ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രോഡക്ട് കമ്പനി, കമ്പനി മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരെ ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചു.
തുടർന്നാണ് വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാർ ഉത്തരവിനെതിരെ ഹൈകോടതിയിൽ ഹരജി നൽകുകയാണ് വേണ്ടിയിരുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഈ രീതിയിൽ കോടതിയെ സമീപിക്കാൻ ഹരജിക്കാരനുള്ള അവകാശം നിലനിർത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.