പാനായിക്കുളം സിമി കേസ്: തകർന്നത് ഭരണകൂട മാധ്യമ തിരക്കഥ -സോളിഡാരിറ്റി
text_fieldsകൊച്ചി: ഭരണകൂടവും മാധ്യമങ്ങളും ചേർന്ന് രൂപപ്പെടുത്തിയ തിരക്കഥയാണ് പാനായിക്കുളം സിമി കേസിൽ എൻ.ഐ.എയുടെ ഹരജി സുപ്രീംകോടതി തള്ളിയതിലൂടെ തകർന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്.
‘അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ, ഹിന്ദുത്വ വംശീയതക്കെതിരെ അണിനിരക്കുക’ എന്ന കാമ്പയിനോടനുബന്ധിച്ച് ‘പാനായിക്കുളം കേസ് : തകർന്നത് ഭരണകൂട മാധ്യമ തിരക്കഥ’ എന്ന തലക്കെട്ടിൽ പാനായിക്കുളത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിച്ചതിനാണ് നിരപരാധികളായ ചെറുപ്പക്കാരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്ത് വർഷങ്ങളോളം ജയിലിലടച്ചത്.
17 വർഷങ്ങൾക്ക് ശേഷം ആ ചെറുപ്പക്കാരെ ഹൈകോടതി വെറുതെ വിട്ടതിനെതിരെ എൻ.ഐ.എ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതിയും തള്ളിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സിമി രഹസ്യ ക്യാമ്പെന്നൊക്കെ പറഞ്ഞ് ഇസ്ലാമോഫോബിയക്ക് ആക്കം കൂട്ടുന്ന തരത്തിൽ പൊതുബോധം നിർമിച്ച മാധ്യമങ്ങളും തിരുത്താൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.ഐ.എയുടെ അമിതാധികാരത്തിനെതിരെയും യു.എ.പി.എ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടും സോളിഡാരിറ്റി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാനായിക്കുളം കേസിൽ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ട സാമൂഹിക പ്രവർത്തകൻ റാസിഖ് റഹീം, സാമൂഹിക പ്രവർത്തകനായ ഗ്രോ വാസു, മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.ഐ. നൗഷാദ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ടി.കെ. സഈദ്, ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ല പ്രസിഡന്റ് ജമാൽ പാനായിക്കുളം, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ല പ്രസിഡന്റ് അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.