പാണക്കാട് കുടുംബം എതിർത്തു; കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു
text_fieldsകോഴിക്കോട്: ലീഗ് ഹൗസിലെ വാർത്താസമ്മേളനത്തിനിടയിൽ തനിക്കെതിരെ ആരോപണമുന്നയിച്ച മുഈനലിക്കെതിരെ ഇപ്പോൾ നടപടി വേണ്ടെന്ന തീരുമാനം മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കനത്ത ആഘാതമായി. നടപടിക്കെതിരെ പാണക്കാട് കുടുംബം ശക്തമായി നിലയുറപ്പിച്ചതോടെ മറിച്ചൊരു തീരുമാനമെടുക്കാൻ ഉന്നതാധികാര സമിതിക്ക് കഴിയാത്ത അവസ്ഥയാണ് േയാഗത്തിലുണ്ടായത്. ഉന്നതാധികാര സമിതി യോഗത്തിൽ പാണക്കാട് കുടുംബത്തിലെ പ്രധാന അംഗങ്ങളെല്ലാം ഇരുന്ന് തീരുമാനമെടുത്തതും ലീഗിെൻറ ചരിത്രത്തിൽ ആദ്യം.
കോഴിക്കോട് നടന്ന വാർത്തസമ്മേളനത്തിൽ ഹൈദരലി തങ്ങളുടെ മകൻകൂടിയായ മുഈനലി ശിഹാബ് തങ്ങൾ നടത്തിയ വെളിപ്പെടുത്തൽ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റ ശക്തമായ അടിയായിരുന്നു. നിയമസഭ സമ്മേളനത്തിന് തിരുവനന്തപുരത്തായിരുന്ന അദ്ദേഹം അടിയന്തരമായി മലപ്പുറത്തെത്തി നടത്തിയ ചരടുവലികൾ വൃഥാവിലാവുന്ന കാഴ്ചയാണ് യോഗത്തിലുണ്ടായത്. മുഈനലിയെ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാൻ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലൂടെയും നീക്കം നടത്തിയെങ്കിലും വിജയം കണ്ടില്ല. റഷീദലി തങ്ങൾ ഉൾപ്പെടെ പാണക്കാട് കുടുംബത്തിലെ ഭൂരിഭാഗവും അടിയന്തര നടപടി ഉണ്ടാകുന്നതിനെതിരെ നിലയുറപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്ന സാദിഖലി തങ്ങൾക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാനായില്ല.
മുഈനലി വാർത്തസമ്മേളനത്തിൽ നടത്തിയ പരസ്യ വിമർശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി. വിഷയം കുടുംബ പ്രശ്നമായി മാറുന്ന സാഹചര്യമുണ്ടാകുന്നതും ഹൈദരലി തങ്ങൾ രോഗാവസ്ഥയിലാണെന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി.
യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. വിഷയം നടന്നത് ലീഗ് ആസ്ഥാനത്തായതിനാലും ചന്ദ്രികയെക്കുറിച്ചായതിനാലും തങ്ങൾക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നുമായിരുന്നു അവർ അറിയിച്ചത്.
ഇതോടെ നടപടി, യോഗത്തിൽ വേണ്ടെന്ന നിലപാടിലേക്ക് നേതാക്കൾ എത്തുകയും അധ്യക്ഷനായ പിതാവ് ഹൈദരലി തങ്ങൾതന്നെ തീരുമാനമെടുക്കട്ടെ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. താൻ കക്ഷിയായ പ്രശ്നമായതിനാൽ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.