പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
text_fieldsമലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) എന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ. സംസ്ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്്ട്രീയ, സാമുദായിക, ആത്മീയ നേതൃസ്ഥാനം അലങ്കരിച്ച തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.
2009ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷെൻറ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിെൻറ അധ്യക്ഷ സ്ഥാനം അലങ്കരിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു സ്ഥാനാരോഹണം. 1990 മുതല്‍ മുസ്ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനായതോടെയാണ് ജില്ല ലീഗ് നേതൃത്വത്തിൽ ഹൈദരലി തങ്ങൾ അവരോധിതനായത്.
19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറായിരുന്നു. മുസ്ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്, തൃശൂർ ജില്ല ഖാദി സ്ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്. 1994ല്‍ നെടിയിരുപ്പ് പോത്ത്വെട്ടിപ്പാറ മഹല്ല് ഖാദിയായാണ് തുടക്കം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങൾക്കാണ്. 1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡൻറായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡൻറ് പദവിയും അലങ്കരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരത്തിരിക്കാനും ഭാഗ്യം ലഭിച്ചു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന് ജനനം. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്മീയ മേൽവിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്ന്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം.
വീട്ടുകാർക്ക് അദ്ദേഹം ആറ്റപ്പൂ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ 'ആറ്റക്ക'യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.
പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നാണ് സനദ് ഏറ്റുവാങ്ങിയത്.
യശശ്ശരീരനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര് തുടങ്ങിയ പണ്ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍ സമസ്ത എസ്.എസ്.എഫ് എന്ന വിദ്യാർഥി സംഘടനക്ക് ബീജാവാപം നൽകിയപ്പോൾ പ്രഥമ പ്രസിഡൻറായി നിയോഗിക്കപ്പെട്ടു.
സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ ബഹാഉദ്ദീന്‍ നദ്വി കൂരിയാടായിരുന്നു ജനറല്‍ സെക്രട്ടറി. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, തുർക്കി, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. കൊയിലാണ്ടി അബ്ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ് ഭാര്യ. മക്കൾ: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. മരുമക്കള്‍: നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്ലിംലീഗ് ജില്ല പ്രസിഡൻറ്), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.