വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വി.എസ് സർക്കാർ; സർക്കാർ നിർദേശിച്ച കാര്യങ്ങളേ ബോർഡിന് ചെയ്യാനാകൂ -റഷീദലി തങ്ങൾ
text_fieldsകോഴിക്കോട്: മുനമ്പം ഭൂമി പ്രശ്നത്തിൽ കൂടുതൽ വിശദീകരണവുമായി വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിർദേശിച്ചത് വി.എസ് സർക്കാരാണെന്ന് റഷീദലി തങ്ങൾ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നിർദേശിച്ച കാര്യങ്ങളേ വഖഫ് ബോർഡിന് ചെയ്യാനാകൂ. താൻ ചെയർമാൻ ആയിരിക്കുമ്പോഴാണ് തർക്കത്തിന് ആധാരമായ കാര്യമെന്ന പ്രചാരണം യാഥാർഥ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും റഷീദലി തങ്ങൾ മുസ് ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
വി.എസ് സർക്കാർ 2007 സെപ്റ്റംബർ 10ന് നിയോഗിച്ച നിസാർ കമീഷൻ റിപ്പോർട്ട് പ്രകാരം സർക്കാർ നിർദേശിച്ചത് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമാണ് വഖഫ് ബോർഡ് ചെയ്തത്. ഇതിന്‍റെ നാൾവഴികൾ പരിശോധിച്ചാൽ ആർക്കും ഇക്കാര്യങ്ങൾ വ്യക്തമാകും. 12 കാര്യങ്ങളെ കുറിച്ചായിരുന്നു അന്വേഷിക്കാൻ സർക്കാർ നിർദേശിച്ചത്. അതിലൊന്നായിരുന്നു മുനമ്പത്തെ ഭൂമി സംബന്ധിച്ച കാര്യങ്ങൾ.
മാറിവന്ന ഇടത് സർക്കാർ കമീഷൻ നിലപാടിന് വിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ ഭൂമി ഉപയോഗിക്കുന്നവരുടെ നികുതി സ്വീകരിക്കരുതെന്ന കത്ത് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വെളിപ്പെടുത്തിയിരിക്കുന്നത്.
വഖഫ് ബോർഡിന്‍റെ മുൻകൂർ അനുമതിയില്ലാതെ വിൽപന നടത്തിയാൽ ആക്ട് പ്രകാരം അത്തരത്തിലുള്ള ആധാരം അസാധുവാണ്. അത്തരം ആധാരങ്ങൾ തിരിച്ചു പിടിക്കാൻ ബോർഡിൽ വ്യവസ്ഥയുണ്ട്. സമൂഹ്യ വിഷയമായതിനാൽ പരിഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നതാണെന്നും റഷീദലി തങ്ങൾ ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.