‘കോടതി വിധി സർക്കാറിന്റെ വേട്ടയാടലിനേറ്റ പ്രഹരം’; കെ.എം ഷാജിക്ക് അഭിനന്ദനങ്ങളെന്ന് സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ അപ്പീൽ സുപ്രീംകോടതി തള്ളിയ നടപടിയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാറിന്റെ വേട്ടയാടലിനേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഭരണകൂടം നീതിരഹിതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍, നീതി നല്കാന് ഇന്ത്യയിലൊരു സംവിധാനമുണ്ടെന്നത് മറന്നതിന്റെ തിരിച്ചടിയാണിതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്:
കെ.എം ഷാജിക്കെതിരായ കേസില്‍ അപ്പീലിന് പോയ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഇന്നലെ സുപ്രീംകോടതിയിലുണ്ടായത്. വിമര്‍ശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും വേട്ടയാടുകയെന്ന രീതിക്ക് ഏറ്റ പ്രഹരം.
കേന്ദ്രം നിരന്തരം പരീക്ഷിക്കുന്ന ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ പ്രയോഗിക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമം. അതിനെതിരെ ഷാജി ആത്മവിശ്വാസത്തോടെ നിലകൊണ്ടു.
ഭരണകൂടം നീതിരഹിതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍, നീതി നല്കാന് ഇന്ത്യയിലൊരു സംവിധാനമുണ്ടെന്നത് മറന്നതിന്റെ തിരിച്ചടിയായിരുന്നു ഇന്നലെ സുപ്രീംകോടതിയില്‍ കണ്ടത്.
കെ.എം ഷാജിക്ക് അഭിനന്ദനങ്ങള്‍.
കെ.എം. ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സംസ്ഥാന സർക്കാറിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് (ഇ.ഡി) തിരിച്ചടിയായത്. കോഴക്കേസിൽ വിജിലന്‍സ് അന്വേഷണം ഹൈകോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാറും കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസ് റദ്ദാക്കിയതിനെതിരെ ഇ.ഡിയും നല്കിയ ഹരജികളാണ് സുപ്രീംകോടതി ഇന്നലെ തള്ളിയത്.
കേസന്വേഷണത്തിൽ രേഖപ്പെടുത്തിയ 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഷാജി വ്യക്തിപരമായി പണം വാങ്ങിയെന്നോ ആവശ്യപ്പെട്ടുവെന്നോ ഒരു സാക്ഷിപോലും മൊഴി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ തള്ളിയത്.
എന്തുതരം കേസാണിതെന്ന് ചോദിച്ച കോടതി, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്ന് വ്യക്തമാക്കി. ഇങ്ങനെ അനുവദിച്ചാൽ ഏതൊരു രാഷ്ട്രീയ പ്രവർത്തകനെയും പിടികൂടാനാവുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും വിചാരണ കോടതിയാണ് ഷാജി കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകൻ വാദിച്ചെങ്കിലും കേസ് തുടരാൻ കോടതി അനുവദിച്ചില്ല.
2014ല്‍ കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.