സമസ്തക്ക് കോട്ടം വന്നാൽ ലീഗിന്റെ കണ്ണിൽ കണ്ണീര് വരും, ലീഗിന് പ്രയാസമുണ്ടായാൽ പണ്ഡിതർ കരമുയർത്തി കണ്ണുനിറച്ച് പ്രാർഥിക്കും -സാദിഖലി തങ്ങൾ
text_fieldsകാസർകോട്: മുസ്‍ലിം ലീഗിന്റെയും സമസ്തയുടെയും പാരമ്പര്യം കരുതലിന്റെയും സ്നേഹത്തിന്റെയുമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തക്ക് എന്തെങ്കിലും കോട്ടം വരുമ്പോൾ മുസ്‍ലിം ലീഗിന് വേദനിക്കുകയും ലീഗിന്റെ കണ്ണിൽ കണ്ണീര് വരികയും ചെയ്യുമെന്നും ലീഗിന് പ്രയാസം വരുമ്പോൾ പണ്ഡിത സമൂഹം കരങ്ങൾ ഉയർത്തി അല്ലാഹുവിനോട് കണ്ണുനിറച്ച് പ്രാർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവർണ ജൂബിലി ഉദ്ഘാടന ചടങ്ങിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളോടൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. ‘സമസ്തയും ലീഗും തമ്മിലുള്ള സ്നേഹത്തിൽ പ്രയാസപ്പെടുന്നത് ശത്രുക്കളാണ്. പൂർവികർ കാണിച്ചുതന്ന വഴിയിൽ ചേർന്നുനിൽക്കണം. ശത്രുക്കളുടെ പക്ഷം ചേരരുത്. സമസ്തയും മുസ്‍ലിം ലീഗും ഒറ്റക്കെട്ടാണ്’ -സാദിഖലി തങ്ങൾ പറഞ്ഞു.
പഴയകാലം മുതൽ തന്നെ സമസ്തയും ലീഗും തമ്മിലുണ്ടായിരുന്ന സ്നേഹം തുടരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതിനെ നശിപ്പിക്കാൻ ഒരു കാലത്തും ഒരു ശക്തിക്കും സാധ്യമല്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിംലീഗും തമ്മില്‍ ഭിന്നിപ്പ് ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതു ചെകുത്താന്റെ പ്രവര്‍ത്തിയാണ്. ഈ കൂട്ടായ്മയുടെ കെട്ടുറുപ്പും സന്തോഷവും ഇല്ലാതാക്കാന്‍ ആരും പറയാത്ത കാര്യങ്ങള്‍ പടച്ചു വിടുകയാണ്. യോജിപ്പില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ കണ്ണിലെ കൃഷ്ണമണിപോലെ ഈ കെട്ടുറപ്പിനെ കാക്കണം. ഇല്ലാത്തകാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ ദൈവത്തോട് മറുപടി പറയേണ്ടി വരും. ഈ സ്നേഹവും സൗഹാര്‍ദവും ഒരു പോറലുമില്ലാതെ മുന്നോട്ടുപോകും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.