സാദിഖലി ശിഹാബ് തങ്ങൾ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ
text_fieldsമലപ്പുറം: മുസ് ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്‍റേതാണ് തീരുമനം. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങൾ.
ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താൽകാലിക ചുമതല. നിലവിൽ പാണക്കാട് കുടുംബത്തിലെ മുതിർന്ന അംഗവും ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.
പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകുന്ന നാലാമത്തെ വ്യക്തിയാണ് സാദിഖലി തങ്ങൾ. 1973ൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നിര്യാണത്തിന് പിന്നാലെയാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ പാണക്കാട് കുടുംബത്തിൽ നിന്നുള്ള ആദ്യ സംസ്ഥാന അധ്യക്ഷനാകുന്നത്.
പൂക്കോയ തങ്ങൾക്ക് ശേഷം മകൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അധ്യക്ഷ പദവിയിലെത്തി. മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് പിന്നാലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു. ലീഗിന്‍റെ അധ്യക്ഷ പദവിയിൽ 13 വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഹൈദരലി തങ്ങളുടെ വേർപാട്.
പുതിയ മാളിയേക്കല്‍ അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും നാലാമത്തെ മകനായി 1964ലാണ് സാദിഖലി തങ്ങളുടെ ജനനം. പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയും മകനായി ല്‍ ജനിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന പ്രസിഡന്‍റ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ വൈസ് പ്രസിഡന്‍റ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡന്‍റ്, കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്ലാമിക് കോളജ് പ്രസിഡന്‍റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയംഗം, കോഴിക്കോട് ഇസ്ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ തുടങ്ങി പദവികളിൽ പ്രവർത്തിക്കുന്നുണ്ട്.
അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങൾ, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങള്‍.
1948 മാർച്ച് 10ന് ഖാഇദെ മില്ലത്ത് എം. മുഹമ്മദ് ഇസ്മാഈൽ സാഹിബാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. പ്രഫ. കെ.എം ഖാദർ മൊയ്തീൻ ആണ് ലീഗിന്റെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.