പാണത്തൂർ ബാബു വധം: ഭാര്യയും മകനും അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ഭർത്താവിനെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. പ്രതികളെ ഞായറാഴ്ച ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ പി.വി. ബാബു (54) കൊല്ലപ്പെട്ട കേസിൽ ഭാര്യ സീമന്തനി (46), മൂത്ത മകൻ സബിൻ (19) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്പെക്ടർ കെ. കൃഷ്ണൻ, എസ്.ഐ മനോജ് കുമാറും ചേർന്നാണ് അറസ്റ്റ് ചെയ്തത്. സീമന്തനി കഴിഞ്ഞ ദിവസം മുതൽ പൊലീസ് നിരീക്ഷണത്തിൽ പനത്തടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൈക്ക് മുറിവേറ്റതിനെ തുടർന്നാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ നിന്നും സീമന്തനിയെ ഡിസ്ചാർജ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭാര്യ മാത്രമാണ് കൊലക്ക് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിനിടയിലാണ് മകന്റെ പങ്ക് കൂടി വെളിവായത്. കാസർകോട് കോളജിലെ ബി.എസ്.സി വിദ്യാർഥിയാണ് സബിൻ. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന സബിൻ വേനലവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യയുമായുള്ള കലഹത്തിനിടയിലാണ് ബാബു വെളളിയാഴ്ച ഉച്ചക്ക് കൊല്ലപ്പെട്ടത്.
തലക്കും കാലിൽ ഉൾപ്പെടെ പരിക്കേൽപ്പിച്ച മൂർച്ചയേറിയ മുഴുവൻ ആയുധങ്ങളും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. രാജപുരം പൊലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ, എസ്.ഐ മനോജ് കുമാറും ശനിയാഴ്ച രാവിലെ കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. കൊലക്കുറ്റത്തിന് സീമന്തനിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നീട് മകനെ കൂടി പ്രതി ചേർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.