'അപേക്ഷിക്കുകയും അഭ്യർഥിക്കുകയും' വേണ്ട; ചെറുകാവ് പഞ്ചായത്തിൽ 'സർ, മാഡം' വിളി ഇനിയില്ല
text_fieldsകൊണ്ടോട്ടി: പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിൽ നിന്നുള്ള നല്ല മാതൃക ഏറ്റെടുത്ത് ചെറുകാവ് പഞ്ചായത്തും. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫിസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ 'സർ, മാഡം' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധനം ചെയ്യേണ്ടതില്ലെന്ന് ചെറുകാവ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.
ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്കുള്ള കത്തിടപാടികുളിൽ 'സർ, മാഡം' അഭിസംബോധനയും 'അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു' എന്നീ പദങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഭരണസമിതി യോഗം തീരുമാമെടുത്തത്. 'അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു' എന്നീ പദങ്ങൾക്ക് പകരം 'അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു' എന്നിങ്ങിനെയാണ് ഉപയോഗിക്കേണ്ടത്. ഇതോടെ പഴയ അഭിസംബോധന ശൈലി ചെറുകാവ് പഞ്ചായത്തിൽ പഴങ്കഥയായി മാറി.
ബ്രട്ടീഷ് ഭരണക്കാലത്തെ പദപ്രയോഗമാണ് 'സർ, മാഡം' വിളിയെന്നും സ്വാതന്ത്രം കിട്ടി 75 വർഷം പിന്നിടുന്ന ഈ കാലത്ത് ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നത് പുനപരിശോധിക്കപ്പെടേണ്ടതാണ് എന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ അബ്ദുല്ല കോയ പറഞ്ഞു.
ചെറുകാവ് പഞ്ചായത്ത് ഓഫിസിലെത്തുന്ന ഏതൊരു പൗരനും പ്രസിഡന്‍റ് ഉൾപ്പെടയുള്ള ഭരണസമിതിയെയൊ ജീവനക്കാരെയോ ഇനി 'സർ' വിളിക്കേണ്ടതില്ലെന്നും പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗിക ഭാഷ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോവിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണെന്നും പി.കെ അബ്ദുല്ല കോയ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസിഡന്‍റ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കുകായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.