‘സ്വയംവരം’ 50ാം വാർഷികത്തിന് പഞ്ചായത്ത് ഫണ്ട്; ഉത്തരവ് വിവാദത്തിൽ
text_fieldsപത്തനംതിട്ട: അടൂർ ഗോപാലകൃഷ്ണൻ സംവിധാന ചെയ്ത ‘സ്വയംവരം’ സിനിമയുടെ 50ാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ആവശ്യപ്പെട്ട് പുറത്തിറങ്ങിയ ഉത്തരവ് വിവാദത്തിൽ. അടൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ചെലവിലേക്ക് ജില്ലയിലെ 53 പഞ്ചായത്തും നാലു നഗരസഭയും തനതു ഫണ്ടിൽനിന്ന് 5000 രൂപ വീതം നൽകാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ്. എന്നാൽ, സാമ്പത്തിക ഞെരുക്കത്തിലായ ഗ്രാമപഞ്ചായത്തുകൾ ഭൂരിപക്ഷവും ഉത്തരവിനോടു വിയോജിച്ചു.
തനത് ഫണ്ടുതന്നെ ഇല്ലെന്ന സ്ഥിതിയിലാണ് പല പഞ്ചായത്തുകളുടെയും പ്രവർത്തനം. കഴിഞ്ഞയിടെ ശുചിത്വ മിഷൻ കോൺക്ലേവിനുവേണ്ടി 25,000 രൂപവരെയാണ് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സിനിമയുടെ വാർഷികത്തിന് സംഘാടകസമിതി കൺവീനറുടെ കത്ത് പരിഗണിച്ചാണ് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. തെരുവുനായ് നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഇക്കുറി തദ്ദേശ സ്ഥാപനങ്ങൾ തനതുഫണ്ട് വിനിയോഗിക്കേണ്ടിവന്നു. സാമ്പത്തിക വർഷാവസാനത്തിലെത്തി നിൽക്കെ തനതുഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി നീക്കിവെക്കാനാകാത്ത സ്ഥിതിയിലാണ് പഞ്ചായത്തുകൾ. സ്വയംവരം സിനിമയുടെ 50ാം വാർഷികാഘോഷ പരിപാടികൾ അടൂരിലാണ് നടക്കുന്നത്. പരിപാടിയുടെ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമരൂപമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.