ചെറിയ വീടുകൾക്കായി മണ്ണെടുക്കാൻ ഇനി പഞ്ചായത്ത് അനുമതി
text_fieldsതിരുവനന്തപുരം: നിശ്ചിത ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾക്ക് മണ്ണെടുക്കുന്നതിനുള്ള അനുമതി ജിയോളജി ഓഫിസുകൾക്ക് പകരം പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. കുറഞ്ഞ വിസ്തൃതിയിൽ വീട് നിർമിക്കുന്നവരും ജിയോളജി ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഈ പ്രയാസം ഒഴിവാക്കുന്നതിനാണ് നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതെന്ന് പത്രപ്രവർത്തക യൂനിയന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുന്നതു പഠിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ 7200 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. ഇതടക്കം 11,800 കോടിയുടെ നിക്ഷേപമോ, നിക്ഷേപ വാഗ്ദാനമോ ആണ് പ്രതീക്ഷ. ഇതുവഴി ഒരു ലക്ഷം സംരംഭങ്ങളും. 'കേരള കശുവണ്ടി', 'കേരള ഖാദി' എന്നിങ്ങനെ കേരള ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും.
കഴിഞ്ഞ ഒരു വർഷത്തിൽ 21 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി. 10 എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് നേടി. അഞ്ചെണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും. കരിമണൽ ഖനനം നിലവിലേതു പോലെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിന് കീഴിലാകണമെന്നാണ് സർക്കാർ നിലപാട്. ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.