വി.ഇ.ഒമാരുടെ ശമ്പളത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം വേണ്ട; പുതിയ ഉത്തരവിറക്കി
text_fieldsപാലക്കാട്: വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരുടെ ശമ്പളം നൽകാൻ പഞ്ചായത്ത് സെക്രട്ടറി ഹാജർ സാക്ഷ്യപത്രം നൽകണമെന്നതുൾപ്പെടെയുള്ള വിവാദ നിർദേശങ്ങൾ ഭേദഗതിചെയ്ത് തദ്ദേശ വകുപ്പ് ഉത്തരവ്. ശമ്പളം നൽകാൻ പഞ്ചായത്ത് സെക്രട്ടറി ഹാജർ സാക്ഷ്യപത്രം നൽകേണ്ടെന്ന് പുതിയ ഉത്തരവിൽ അറിയിച്ചു. അതേസമയം, പഞ്ചായത്ത് ഓഫിസുകളിലെത്തി ഒപ്പിടണമെന്ന നിർദേശം പിൻവലിച്ചിട്ടില്ല.
ഗ്രാമപഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിന് പുറത്ത് പ്രവർത്തിക്കുന്ന എക്സ്റ്റൻഷൻ ഓഫിസർമാരുടെ ഹാജർ, യാത്ര എന്നിവ രേഖപ്പെടുത്താൻ അതത് ഓഫിസുകളിൽ ഹാജർ പുസ്തകം, മൂവ്മെന്റ് രജിസ്റ്റർ എന്നിവ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. നേരത്തേ ഇറങ്ങിയ ഉത്തരവിൽ ജീവനക്കാരുടെ എല്ലാ ഫീൽഡ് യാത്രകളും ഔദ്യോഗിക യാത്രകളും പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമേ നടത്താവൂവെന്നും ഹാജർ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർ എല്ലാ മാസവും 25 നുമുമ്പ് േബ്ലാക്ക് പഞ്ചായത്തിൽ സാക്ഷ്യപത്രം നൽകണമെന്നും നിർദേശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതുൾപ്പെടെ സമരമാർഗങ്ങളുമായി വി.ഇ.ഒമാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല ചർച്ചയിൽ ഭേദഗതി ഉത്തരവിറക്കാമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പുതിയ ഉത്തരവ് കണ്ണിൽ പൊടിയിടാനാണെന്നും എക്സ്റ്റൻഷൻ ഓഫിസർമാരുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നുമാരോപിച്ച് പ്രതിഷേധം തുടരാനാണ് റൂറൽ ഡെവലപ്മെന്റ് ഓഫിസേഴ്സ് അസോസിയേഷൻ തീരുമാനം.
േബ്ലാക്കിലോ പഞ്ചായത്തിലോ ഏതെങ്കിലും ഒരു വകുപ്പിന്റെ പൂർണ നിയന്ത്രണത്തിൽ ജീവനക്കാരെ കൊണ്ടുവരുകയാണ് വേണ്ടതെന്നും തദ്ദേശവകുപ്പ് സംയോജനത്തിലെ എക്സ്റ്റൻഷൻ ഓഫിസർമാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ േബ്ലാക്ക് പഞ്ചായത്തുകളുടെ കീഴിലാണ് വി.ഇ.ഒമാരുള്ളത്.
വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി വി.ഇ.ഒമാരെ നേരത്തേ ക്ലർക്കുമാരാക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും ജോലിയുടെ സ്വഭാവം പരിഗണിച്ച് പ്രത്യേക വിഭാഗമാക്കി തുടരാൻ തീരുമാനിക്കുകയായിരുന്നു. വി.ഇ.ഒ തസ്തികയിൽ പുതിയ നിയമനങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതിനാൽ പഞ്ചായത്തുകളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.