കെട്ടിട നമ്പറിന് പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി ചോദിച്ചു; വേഷം മാറിയെത്തിയ വിജിലൻസ് കയ്യോടെ പിടികൂടി
text_fieldsകുമളി: ഏലത്തോട്ടത്തിലെ മോട്ടോർ പുരക്ക് കെട്ടിട നമ്പറും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ കുമളി ഗ്രാമപഞ്ചായത്ത് എൽ.ഡി ക്ലർക്ക് അജികുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചെങ്കര കുരിശുമല പുതുവലിൽ വിജയകുമാറിൽനിന്ന് 10,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് കോട്ടയം എസ്.പി വിനോദ് കുമാറിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി വി.ആർ. രവികുമാറും സംഘവുമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.
മോട്ടോർ പുരക്ക് നമ്പർ നൽകാൻ 20,000 രൂപ ആവശ്യപ്പെടുകയും 15,000ത്തിന് ഉറപ്പിക്കുകയുമായിരുന്നു. തുടർന്ന് 5000 രൂപ ആദ്യഘട്ടത്തിൽ നൽകി. ബാക്കിയുണ്ടായിരുന്ന 10,000 രൂപ നൽകുന്നതിനിടെ പരാതിക്കാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വിജിലൻസ് സംഘം അജികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ പിടികൂടാൻ വേഷംമാറി ഓട്ടോ ഓടിച്ചാണ് വിജിലൻസ് സംഘം പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയത്. കുമളി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി അജികുമാറിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. അജികുമാറിനെ ബുധനാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.