ധീര ദേശാഭിമാനിയുടെ പേരിലുണ്ടൊരു പഞ്ചായത്ത്
text_fieldsതിരൂരങ്ങാടി: സ്വാതന്ത്ര്യ സമരത്തിന്റെ ത്യാകോജ്ജ്വലമായ ഏടുകൾ തുന്നിച്ചേർത്ത സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിൽ ഉണ്ടൊരു പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പഴയ കൊടുവായൂർ എന്ന പ്രദേശത്തെ പുനർനാമകരണം ചെയ്ത അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് (എ.ആർ നഗർ) എന്ന പഞ്ചായത്ത്.
തനിക്ക് ആസാദ് എന്ന പേര് സമ്മാനിച്ച അബ്ദുറഹിമാൻ സാഹിബിന്റെ പേരിൽ ഒരു പഞ്ചായത്തിന്റെ പേര് കൂട്ടിച്ചേർക്കാൻ വേണ്ടി പ്രയത്നിച്ചത് വെട്ടിയാടാൻ അഹമ്മദ് എന്ന വി.എ. ആസാദ് ആണ്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും മറ്റും ആയിരുന്ന വി.എ. ആസാദ്, അബ്ദുറഹിമാൻ സാഹിബ് നൽകിയ പേരാണ് ആവേശപൂർവം സ്വീകരിച്ചു കൊണ്ടുനടന്നത്. തിരൂരങ്ങാടിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വോളന്റിയർ ആയിരുന്ന അഹമ്മദിന്റെ ആവേശവും തൊപ്പിയും ജുബ്ബയും കണ്ട അബ്ദുറഹിമാൻ സാഹിബ് അടുത്തേക്ക് വിളിച്ച് പരിചയപ്പെടുകയും ആസാദ് എന്ന പേര് വിളിക്കുകയുമായിരുന്നു.
പിന്നീട് അദ്ദേഹം വി.എ. ആസാദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ദീർഘകാലം എ.ആർ. നഗർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആസാദ് അബ്ദുറഹിമാൻ സാഹിബുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. അബ്ദുറഹിമാൻ സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന് സ്മാരകമുണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്നു ആസാദ്. തുടർന്ന് കൊടുവായൂർ കോൺഗ്രസ് കമ്മിറ്റിയുടെ പേര് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എന്ന് കെ.പി.സി.സിയിൽനിന്ന് അംഗീകാരം നേടി. പിന്നീട് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് എന്ന പേര് ഔദ്യോകികമായത്. മമ്പുറം, കൊടുവായൂർ, പുകയൂർ എന്നീ ദേശങ്ങൾ കൂടിച്ചേർന്നതാണ് ഇന്നത്തെ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.