പന്തളം പണയ സ്വർണത്തട്ടിപ്പ്: ബാങ്കിന് മുന്നിൽ ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി
text_fieldsപന്തളം: പന്തളം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ രാപ്പകൽ സമരം നടത്തുന്ന ബി.ജെ.പി പ്രവർത്തകരും സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴായിരുന്നു സംഭവം.
ബാങ്ക് ജീവനക്കാരും സമരക്കാരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് ജീവനക്കാരെയും ഡയറക്ടർ ബോർഡ് മെംബർമാരെയും ബാങ്കിനുള്ളിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐക്കാർ സ്ഥലത്തെത്തിയതോടെ സംഘർഷ സാഹചര്യമുണ്ടാവുകയായിരുന്നു. ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ പൊലീസും ഇടപെട്ടു. പന്തളം നഗരസഭ കൗൺസിലർ ഉൾപ്പെടെ ബി.ജെ.പി നേതാക്കളെയും ഡി.വൈ.എഫ്.ഐ നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കി.
ബാങ്കിൽ പണയത്തിലുണ്ടായിരുന്ന 70 പവൻ സ്വർണാഭരണങ്ങളാണ് സി.പി.എം മുൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദ് കുമാറിന്‍റെ മകനായ അർജുൻ പ്രമോദ് എന്ന ജീവനക്കാരൻ മറ്റ് ബാങ്കുകളിൽ പണയംവെച്ചത്. പന്തളത്തെ മണ്ണ് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അർജുൻ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ജെ.സി.ബിയും ബസും വാങ്ങിയതായും പറയുന്നു.
അർജുൻ പ്രമോദിനെ വിളിച്ചു വരുത്തി ബാങ്കിലെ ഭരണസമിതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുറച്ച് സ്വർണാഭരണങ്ങൾ തിരികെ ബാങ്കിൽ എത്തിക്കുകയും ചെയ്തു. 35 പവൻ സ്വർണമാണ് തിരികെ വെപ്പിച്ചത്. 10 പേരുടെ സ്വർണമാണ് കാണാതായത്. ബാക്കി സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനകം ബാങ്കിൽ തിരികെ എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അർജുൻ പ്രമോദിനെ ബാങ്കിൽനിന്നും പുറത്താക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.