ഇനി മാവിൻ കൊമ്പിലിരിക്കാൻ വാ..!
text_fieldsപന്തളം: ദേശാടനക്കിളികളെ പേടിച്ച് മരങ്ങളിൽ വലവിരിച്ച് പന്തളം നഗരസഭ ദൗത്യം പൂർത്തീകരിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു നഗരസഭ ദേശാടനക്കിളികൾ കൂടുകൂട്ടുന്നത് തടയാൻ ഇത്തരം ഒരു ദൗത്യം നടപ്പാക്കിയത്. പന്തളം-മാവേലിക്കര റോഡിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് റോഡിലെ മാവുകളിലാണ് വലവിരിച്ചത്. മാവ് പലതവണ മുറിച്ചുമാറ്റാൻ പദ്ധതി ഇട്ടിരുന്നെങ്കിലും പ്രകൃതി സ്നേഹികളുടെ എതിർപ്പിനെ തുടർന്ന് മുറിക്കാൻ പറ്റിയില്ല. ദേശാടനക്കിളികളെ തുരത്താൻ പല പദ്ധതിയും നഗരസഭ ആവിഷ്കരിച്ചെങ്കിലും രക്ഷയുണ്ടായില്ല.
14നാണ് ആദ്യമായി മാവിൽ വലയിടാൻ ശ്രമിച്ചെങ്കിലും ശിഖരത്തിൽ ഉടക്കിയതോടെ മുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വലയിടൽ നടപടികൾ ഒരു മാവിൽ രാത്രി വൈകിയാണ് അവസാനിച്ചത്. അടുത്തടുത്ത് നിൽക്കുന്ന രണ്ടു മാവുകളിൽ മൂന്ന് ദിവസത്തെ പരിശ്രമം കൊണ്ടാണ് വല പൂർണമായും വിരിക്കാൻ കഴിഞ്ഞത്.റോഡ് നിരപ്പിൽനിന്ന് 85 അടി ഉയരവും 60 മീറ്റർ ചുറ്റളവും ഉള്ള ഒരു മാവും തൊട്ടടുത്തുള്ള മറ്റൊരു മാവിലുമായി 500 കിലോയോളം വലയാണ് വേണ്ടിവന്നത്. മുട്ടാർ സ്വദേശി മുത്തൂണിയിൽ ഷാനവാസാണ് ടെൻഡർ എടുത്തത്.
ലക്ഷം ചെലവായി
ദേശാടനക്കിളികളുടെ കാഷ്ഠം വീഴുന്നതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടായിരുന്നു. 1.85 ലക്ഷം രൂപയാണ് ചെലവായത്. മാവിൽ വലയിടൽ പൂർത്തിയാക്കിയ ശേഷം റോഡ് അരികിലെ ആൽമരത്തിന്റെ ശിഖരവും നഗരസഭ അധികൃതർ മുറിച്ചുമാറ്റിയിരുന്നു. മുമ്പ് മാവിലെ കിളികളെ തുരത്താൻ ശിഖരങ്ങൾ മുറിച്ചവകയിൽ പന്തളം നഗരസഭക്ക് ലേലത്തുക കൂടാതെ നഷ്ടമായത് 50,890 രൂപയാണ്.
മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചിട്ടപ്പോൾ വൈദ്യുതി ലൈൻ പൊട്ടിയത് നന്നാക്കാനും ഒടിഞ്ഞ പോസ്റ്റ് പുനഃസ്ഥാപിക്കാനും പണിക്കൂലിക്കുമാണ് ഇത്രയും തുക നഗരസഭ വൈദ്യുതി ബോർഡിലേക്ക് അടക്കേണ്ടി വന്നത്. ഇതിനു പുറമെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ 28,000 രൂപ പണിക്കൂലിയും നൽകി. ആകെ 78,890 രൂപയാണ് അന്ന് ചെലവായത്. ചൊവ്വാഴ്ച രാവിലെ മാവിന്റെ ചുവട്ടിൽ പൂജകൾ നടന്ന ശേഷമാണ് വലയിടാൻ തുടങ്ങിയത്.
നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൻ യു. രമ്യ, നഗരസഭ സെക്രട്ടറി ഇ.വി. അനിത, ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പ കുമാർ, കൗൺസിലർമാരായ ബെന്നി മാത്യു, രാധ വിജയകുമാർ, രശ്മി രാജീവ്, കെ. സീന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.