സ്വപ്നയുടെ വെളിപ്പെടുത്തൽ വിശ്വസിക്കാനാകാതെ പന്തളത്തുകാർ
text_fieldsപന്തളം: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് മഹാപ്രളയത്തിെൻറ മറവിൽ പന്തളത്ത് വീടുകൾ വെച്ച് നൽകുന്നതിന് കമീഷൻ പറ്റിയെന്ന വെളിപ്പെടുത്തൽ വിശ്വസിക്കാൻ കഴിയാതെ പന്തളത്തുകാർ.
കേന്ദ്ര ഏജൻസികൾക്ക് നൽകിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരമൊരു പ്രവർത്തനം പന്തളത്ത് നടന്നിട്ടില്ലെന്നാണ് നഗരസഭ ചെയർപേഴ്സൻ അടക്കം പറയുന്നത്. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി യു.എ.ഇ കോൺസുലേറ്റ് നടപ്പാക്കിയ അഞ്ച് കോടിയുടെ പദ്ധതിയിൽ 25 ലക്ഷം രൂപ കമീഷനായി കിട്ടിയെന്നാണ് സ്വപ്ന പറയുന്നത്.
പന്തളത്ത് 150 വീടുകൾ പുതുക്കിപ്പണിയാൻ കോൺസുലേറ്റ് അഞ്ച് കോടി രൂപയാണ് നീക്കിെവച്ചത്. കരാറുകാരനെ കണ്ടെത്താൻ കോൺസുൽ ജനറൽ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നത്. യു.എ.എഫ്.എഫ്.എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഉടമ അബ്ദുൽ ലത്തീഫ് വഴി കരാറുകാരനുമായ ദിനൂപ് രാമചന്ദ്രനെ ഏൽപിച്ചു. നിർമാണക്കരാറിന് ആളെ കണ്ടെത്തിക്കൊടുത്തതിന് കോൺസുൽ ജനറലാണ് തനിക്ക് 35,000 യു.എസ് ഡോളർ (25 ലക്ഷം രൂപ) 'സമ്മാന'മായി നൽകിയതെന്നാണ് മൊഴി.
എന്നാൽ, പ്രളയകാലത്ത് ഇത്തരത്തിൽ ആരും സഹായവുമായി നഗരസഭയെ സമീപിച്ചിട്ടില്ലെന്നും വാർത്ത അടിസ്ഥാന രഹിതമാണെന്നും നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാറിെൻറ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പന്തളം ചേരിക്കൽ 6.86 കോടിയുടെ ഫ്ലാറ്റ് നിർമിക്കുന്നതിെൻറ പ്രവർത്തനം മാത്രമാണ് നടക്കുന്നത്. 140 പേർക്ക് വീട് നൽകുന്ന പദ്ധതി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് സ്വപ്നയുമായി യാതൊരു ബന്ധവുമില്ല. ഇത് സംബന്ധിച്ച് നഗരസഭക്ക് അറിയില്ലെന്നും അവർ പറഞ്ഞു.
സ്വപ്നയുടെ മൊഴിയിലുള്ള കാര്യങ്ങൾ അറിയില്ലെന്ന് നഗരസഭ സെക്രട്ടറി ജെ. ബിനു പറഞ്ഞു. പ്രളയകാലത്ത് പലരും സഹായവുമായി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വപ്ന വന്നതായി അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.