പുലിയെ പിടികൂടാത്തതിൽ പന്തലൂരിൽ ഹർത്താൽ; റോഡ് ഉപരോധം ഇന്നും തുടരുന്നു
text_fieldsഗൂഡലൂർ: ഇന്നലെ മൂന്നര വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പന്തലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ. ഇന്നലെ രാത്രി ആരംഭിച്ച റോഡ് ഉപരോധം ഇന്നും തുടരുകയാണ്.
അമ്മക്കൊപ്പം നടന്നുപോകുമ്പോഴാണ് പന്തലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയെ പുലി പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെ മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. സംഭവമറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തുകയും ഏറെ ദൂരെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഗുരുതര പരിക്കുകളേറ്റിരുന്ന കുട്ടിയെ പന്തലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ തന്നെ പന്തലൂർ, ചേരമ്പാടി ടൗണുകളിൽ റോഡ് ഉപരോധിച്ചിരുന്നു.
ഡിസംബർ 21ന് പ്രദേശത്ത് മൂന്ന് സ്ത്രീകൾ പുലിയുടെ ആക്രമണത്തിനിരയാകുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉപ്പട്ടിക്ക് സമീപം കൊളപള്ളിയിൽ നാലു വയസ്സുകാരിയും പുലിയുടെ ആക്രമണത്തിനിരയായി. വനംവകുപ്പിന്‍റെ അന്വേഷണത്തിൽ ഒരേ പുലി തന്നെയാണ് ആക്രമിക്കുന്നതെന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. പുലിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കൊളപ്പള്ളിയിൽ ഹർത്താൽ നടത്തിയിരുന്നു. പുലിയെ വെടിവെക്കാൻ ഉത്തരവിറങ്ങിയിരിക്കെയാണ് ശനിയാഴ്ച ദാരുണ സംഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.