ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് ഇടത് പാളയത്തിൽ; തെരഞ്ഞെടുപ്പിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റിന് കനത്ത തോൽവി
text_fieldsചെങ്ങന്നൂർ: പാർട്ടി പ്രാദേശിക ഘടകവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് രാജിവെച്ച് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്‍റിന് കനത്ത തോൽവി. പാണ്ടനാട്ട് പഞ്ചായത്തിലെ ഏഴാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ആശ വി. നായരാണ് പരാജയപ്പെട്ടത്.
ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ തട്ടകമാണ് പാണ്ടനാട്. കഴിഞ്ഞ ജൂണിലാണ് അണികളിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകളിലും പരസ്യമായ കുറ്റപ്പെടുത്തലുകളിലും ആരോപണങ്ങളിലും മനംമടുത്ത് പാർട്ടി പ്രതിനിധിയായ ആശ വി. നായർ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും ഏഴാം വാർഡ് മെംബർ സ്ഥാനവും രാജിവെച്ചത്. കഴിഞ്ഞ പഞ്ചായത്ത് സമിതിയിലും ഇവർ അംഗമായിരുന്നു.
ബി.ജെ.പി പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ജൂൺ നാലിന് അവിശ്വാസം പാസായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രസിഡന്‍റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിപരമായി ആക്ഷേപിച്ച് ബി.ജെ.പി പ്രവർത്തകരും അനുഭാവികളും പോസ്റ്റുകൾ ഇടുന്നത് നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ആശ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയ അന്ധതമൂലം വികസനത്തെ എതിർക്കുന്ന ബി.ജെ.പിയുടെ നിലപാടിനൊപ്പം തുടരാൻ കഴിയില്ലെന്ന് ആരോപിച്ച ആശ, ജനങ്ങളോട് നീതിപുലർത്താൻ അനുവദിക്കാത്ത ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും വ്യക്തമാക്കി.
ഇതിന് പിന്നാലെ ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ സി.പി.എം കൈയ്യടക്കി. സി.പി.എം സ്വതന്ത്രാംഗം ജെയിൻ ജിനു ജോർജ് അഞ്ചിനെതിരെ ഏഴ് വോട്ടുകൾ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ സമിതിയിൽ ബി.ജെ.പി 6, സി.പി.എം 5, കോൺഗ്രസ് 2 എന്നിങ്ങനെയായിരുന്നു അംഗബലം. പ്രസിഡന്റിന്റെ രാജിയോടെ ഇത് 5 ആയി കുറഞ്ഞു.
വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ടുനിന്നു. 5-5 നിലയിലായിരുന്നു വോട്ടിങ് നില. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ സി.പി.എമ്മിന്റെ ഒന്നാം വാർഡ് മെമ്പർ മനോജ് കുമാർ വിജയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.