സി.പിഎമ്മിനെ കോൺഗ്രസ് തുണച്ചു, പാണ്ടനാട് ബി.ജെ.പി 'കടക്ക് പുറത്ത്'; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന്
text_fieldsചെങ്ങന്നൂർ: ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കി പാണ്ടനാട് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ സി.പി.എം കൈയ്യടക്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ തട്ടകമായ ഗ്രാമത്തിലാണ് വൈസ് പ്രസിഡന്റിനു പിന്നാലെ അധ്യക്ഷ സ്ഥാനവും നഷ്ടമായത്.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ നിന്നുള്ള സി.പി.എം സ്വതന്ത്രാംഗം ജെയിൻ ജിനു ജോർജ് 5നെതിരെ 7 വോട്ടുകളോടെയാണ് തെരത്തെടുക്കപ്പെട്ടത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
പാർലമെന്ററി പാർട്ടി ലീഡറായ 12ാം വാർഡ് മെമ്പർ ഗോപൻ കെ. ഉണ്ണിത്താൻ നിർദ്ദേശിക്കുകയും 11-ാം വാർഡ് പ്രതിനിധി ബിന്ദു സുനിൽ പിന്താങ്ങുകയും ചെയ്തു. കോൺഗ്രസിലെ ഏലിയാമ്മ ജോർജ് (വാർഡ് -8), അമ്മാളു കൂട്ടി സണ്ണി (വാർഡ് - 13 ) എന്നിവർ ഇടതു സ്ഥാനാർഥിക്ക് അനുകൂലമായതോടെയാണ് 7 വോട്ടു നേടി വിജയിച്ചത്.
എതിർ സ്ഥാനാർത്ഥിയായ രണ്ടാം വാർഡിലെ ബി.ജെ.പി പ്രതിനിധി ഷൈലജാ രഘുറാമിന്റെ പേര് വാർഡ് 5 ലെ എം.വി. വിജയകുമാർ നിർദേശിക്കുകയും, പത്താം വാർഡിലെ ടി.സി.സുരേന്ദ്രൻ നായർ പിന്താങ്ങുകയും ചെയ്തു. ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫിസർ സൂസൻ ചാക്കോയായിരുന്നു വരണാധികാരി. പ്രസിഡന്റായിരുന്ന ബി.ജെപി പ്രതിനിധി ആശ വി. നായർ പ്രാദേശിക പാർട്ടി ഘടകവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്.
13 അംഗ സമിതിയിൽ ബി.ജെ.പി 6, സി.പി.എം 5, കോൺഗ്രസ് 2 എന്നിങ്ങനെയായിരുന്നു അംഗബലം. പ്രസിഡന്റിന്റെ രാജിയോടെ ഇത് 5 ആയി മാറി. ജൂൺ 4 നു വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയവും യു.ഡി.എഫ് പിന്തുണയോടെ പാസാക്കിയിരുന്നു. ബി.ജെ.പി പ്രതിനിധിയായ വൈസ് പ്രസിഡന്റ് പുറത്തായതോടെ ഈ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ടു നിന്നു. 5-5 നിലയിലായിരുന്നു വോട്ടിംഗ് നില .തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ സി.പി.എമ്മിന്റെ ഒന്നാം വാർഡ് മെമ്പർ മനോജ് കുമാർ ജയിച്ചു. ഇതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ബി.ജെ.പിക്ക് നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.