സ്വാതന്ത്ര്യസമര പോരാളികളുടെ ഒാർമയിൽ പാണ്ടിക്കാട്; സ്മാരകങ്ങൾ കടലാസിൽ
text_fieldsപാണ്ടിക്കാട്: സ്വാതന്ത്ര്യസമര പോരാളികളുടെ ഒാർമക്കായി സ്മാരകം നിർമിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങൾ പാണ്ടിക്കാട്ടുകാർക്ക് ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ സ്മാരകം നിർമിക്കുമെന്ന വാഗ്ദാനങ്ങളുണ്ടാവാറുണ്ടെങ്കിലും നടപ്പായില്ല. പാണ്ടിക്കാട് ചന്തപ്പുര യുദ്ധത്തിന് 99 വർഷം തികയുന്ന വേളയിലും സ്മാരകം അവഗണനയുടെ കടലാസിലുറങ്ങുകയാണ്.
250ലേറെ ധീരദേശാഭിമാനികളുടെ ജീവനെടുത്ത് മൃതദേഹങ്ങൾ കത്തിച്ച ബ്രിട്ടീഷ് പട്ടാളത്തിെൻറ കൊടുംക്രൂരതക്ക് സാക്ഷ്യംവഹിച്ച മണ്ണാണ് പാണ്ടിക്കാട്. ചുടുനിണമൊഴുകിയ ചന്തപ്പുര യുദ്ധം നടന്ന മൊയ്തുണ്ണി പാടവും മൊയ്തുണ്ണി കുളവും കാടുമൂടി നശിക്കുകയാണ്.
ബ്രിട്ടീഷ് പട്ടാളത്തോട് സമരപോരാളികൾ നേർക്കുനേർ പോരാടിയ അപൂർവം സംഭവങ്ങളിലൊന്നായിരുന്നു പാണ്ടിക്കാട് യുദ്ധം. സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി മലബാറിൽ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന സ്ഥലമാണിത്. 1921 നവംബർ 14ന് പുലർച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, പയ്യനാടൻ മോയിൻ, മുക്രി അയമ്മദ് എന്നിവർ നേതൃത്വം നൽകിയ പോരാട്ടമാണ് പാണ്ടിക്കാട് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്.
പാണ്ടിക്കാട് ചന്തപ്പുരയിൽ (ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത് ഒാഫിസ് കെട്ടിടം നിൽക്കുന്നയിടവും പരിസരങ്ങളും) തമ്പടിച്ച എട്ടാം ഗൂർഖ റൈഫിൾസിലെ രണ്ടാം ബറ്റാലിയൻ ക്യാമ്പിനെ സമരപോരാളികൾ ആക്രമിക്കുകയായിരുന്നു.
മണ്ണുകൊണ്ട് നിർമിച്ച ചന്തപ്പുരയുടെ മതിൽ പൊളിച്ച് ക്യാമ്പിനകത്തെത്തിയ പോരാളികളും പട്ടാളവും തമ്മിൽ രണ്ടു മണിക്കൂറിലേറെ നീണ്ട ഘോരയുദ്ധത്തിനാണ് അന്ന് പാണ്ടിക്കാട് സാക്ഷ്യം വഹിച്ചത്.
99 വർഷം തികഞ്ഞ വേളയിൽ ധീരേദശാഭിമാനികളുടെ ഒാർമക്കായി ഉചിതമായ സ്മാരകം നിർമിക്കുമെന്ന പ്രതീക്ഷയിലാണ് പാണ്ടിക്കാട്ടുകാർ. 'എെൻറ പാണ്ടിക്കാട്' കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019ൽ സ്ഥാപിച്ച രണ്ട് സൈൻ ബോർഡുകളും ചത്വരവുമാണ് ആകെയുള്ള യുദ്ധസ്മാരകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.