എസ്.എൻ ട്രസ്റ്റ് റീജനൽ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്കെതിരെ പാനൽ
text_fieldsതൃശൂർ: എസ്.എൻ ട്രസ്റ്റ് തൃശൂർ റീജനൽ തെരഞ്ഞെടുപ്പിൽ 26 വർഷത്തിനിടെ വെള്ളാപ്പള്ളി നടേശന്‍റെ പാനലിനെതിരെ മത്സരത്തിന് കളമൊരുങ്ങുന്നു. ‘ഗുരുപക്ഷം’ എന്ന പാനലിൽ സ്പാനർ ചിഹ്നത്തിൽ 34 പേരാണ് മത്സരരംഗത്തുള്ളതെന്ന് പാനൽ ലീഡർ അഡ്വ. ആർ. അജന്തകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ വെള്ളാപ്പള്ളിയുടെ അധീനതയിലുള്ള ട്രസ്റ്റിന്‍റെ അഴിമതിക്കും കുടുംബാധിപത്യത്തിനും കച്ചവട സംസ്കാരത്തിനും ഗുരുധർമ വ്യതിചലനത്തിനും എതിരെയാണ് സ്ഥാനാർഥികളെ രംഗത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന തൃശൂർ റീജനൽ തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നാട്ടിക എസ്.എൻ കോളജിൽ നടക്കും. വേണ്ടപ്പെട്ടവർക്ക് മാത്രം ട്രസ്റ്റിൽ അംഗത്വം നൽകി വെള്ളാപ്പള്ളി നടത്തുന്ന ഏകാധിപത്യ നയത്തിനെതിരെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ അംഗത്വം നേടിയാണ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ഒത്തു നോക്കിയായിരിക്കും വോട്ടെടുപ്പ്.
കള്ളവോട്ട് തടയാൻ പൊലീസിനും യുനീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചന്ദ്രൻ ഗുരുവായൂർ, കെ.എൻ. ജോഷി, സിദ്ധാർഥൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.