ഡി.സി.സി ഭാരവാഹികളുടെ പാനൽ ഉടൻ സമർപ്പിക്കണം
text_fieldsതിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും പാനൽ ഉടൻ സമർപ്പിക്കാൻ ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്കും ഡി.സി.സി പ്രസിഡൻറുമാർക്കും നിർദേശം. പുനഃസംഘടന ചർച്ചയുടെ വിശദാംശങ്ങൾ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വിളിച്ച യോഗത്തിൽ ജന. സെക്രട്ടറിമാർ അറിയിച്ചു.
നിലവിലെ ഭാരവാഹികളിൽ പൂർണസമയം പ്രവർത്തിക്കാൻ കഴിവുള്ളവരെ മെറിറ്റടിസ്ഥാനത്തിൽ വീണ്ടും നിയമിക്കണമെന്ന നിർദേശം ഉയർന്നു. ബ്ലോക്ക് പ്രസിഡൻറുമാരിൽ അർഹരെ തുടരാൻ അനുവദിക്കണം. എന്നാൽ, നിലവിലുള്ളവരെല്ലാം മാറി പുതിയ ടീം വരേട്ടയെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം കിട്ടിയത്. ചിലരെ മാത്രം നിലനിർത്തുമ്പോൾ മറ്റുള്ളവർ തഴയപ്പെട്ടുവെന്ന പ്രതീതിയുണ്ടാകുമെന്നും അത് ഒഴിവാക്കണമെന്നും ചർച്ച വന്നു.
ത്രിതല പഞ്ചായത്ത് ഭാരവാഹികളെയും സഹകരണ സ്ഥാപന ഭാരവാഹികളെയും ഒഴിവാക്കണമെന്നും നിർദേശമുയർന്നു. വ്യത്യസ്താഭിപ്രായങ്ങൾ വന്ന സാഹചര്യത്തിൽ അന്തിമ മാനദണ്ഡം തീരുമാനിക്കാൻ പ്രസിഡൻറിനെയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറിയെയും ചുമതലപ്പെടുത്തി. രണ്ടുദിവസത്തിനകം അന്തിമ തീരുമാനം എടുത്തശേഷം ജന. സെക്രട്ടറിമാർ വീണ്ടും ജില്ലകളിലെത്തി മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് പട്ടിക തയാറാക്കും.
സി.യു.സികളോട് സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡി.സി.സി പ്രസിഡൻറുമാർക്ക് നിർദേശം നൽകി. ആലപ്പുഴ ഡി.സി.സി യോഗത്തിൽ കെ.പി.സി.സി ജന. സെക്രട്ടറി പ്രതാപവർമ തമ്പാൻ രമേശ് ചെന്നിത്തലയെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ ഡി.സി.സി പ്രസിഡൻറ് ബാബു പ്രസാദ് രംഗത്തെത്തിയത് വാക്തർക്കത്തിനിടയാക്കി. രമേശിനെ എൻ.എസ്.എസ് നോമിനി മാത്രമാക്കി വിശേഷിപ്പിച്ചത് ശരിയായില്ലെന്നും പാരമ്പര്യമുള്ള നേതാവിനെ മാനിക്കണമായിരുന്നെന്നും ബാബു പ്രസാദ് പറഞ്ഞു.
എന്നാൽ തനിക്ക് എസ്.എൻ.ഡി.പിയോഗത്തിെൻറ പിന്തുണയോടെ സീറ്റ് ലഭിച്ചതിനുസമാനമായി രമേശിനും ഒരു തവണ സീറ്റ് ലഭിച്ചത് എൻ.എസ്.എസ് പിന്തുണയോടെയാണെന്നാണ് പറഞ്ഞതെന്ന് തമ്പാൻ വിശദീകരിച്ചു. അച്ചടക്കസമിതി സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്ന് അറിയുന്നു. സമിതിയിലെ അംഗസംഖ്യയുടെ കാര്യത്തിൽ നേരിയ ആശയക്കുഴപ്പം നേതൃത്വത്തിൽ ഉണ്ട്. മൂന്നംഗങ്ങൾ മതിയോ അഞ്ചുപേർ വേണോയെന്നതിലാണ് ആശയക്കുഴപ്പം. വി.എസ്. വിജയരാഘവൻ, കെ. മോഹൻകുമാർ, പി.ജെ. ജോയി, ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവരുടെ പേരുകളാണ് സജീവ പരിഗണനയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.