പണിയൻസ്, ആദിവാസികളുടെ ആദ്യവ്യവസായ സംരംഭം
text_fieldsകൽപറ്റ: വയനാട്ടിലെ പണിയ ആദിവാസികളുടെ ഉടമസ്ഥതയിൽ ആദ്യമായി വ്യവസായ സംരംഭം. മലവയൽ, ഗോവിന്ദമൂല പണിയ ഊരിലാണ് മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 30 ഓളം ആദിവാസി വനിതകൾ ചേർന്ന് ‘പണിയൻസ് ഫുഡ്സ് ആൻഡ് കാറ്ററിങ്സ്’ പുതിയ സംരംഭം ആരംഭിക്കുന്നത്.
പാക്ക് ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങൾ "പണിയൻസ് " എന്ന ബ്രാൻഡിലാണ് വിപണിയിൽ എത്തിക്കുക. ഭക്ഷണപാനീയങ്ങളും പാകം ചെയ്തു വിളമ്പുന്ന കാറ്ററിങ് സംവിധാനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഊരിലെ ഒരാൾ വിട്ടുനൽകിയ വീട്ടിലാണിവ വിഭങ്ങൾ ഒരുക്കുന്നത്. ഒരേസമയം 500 പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി വിളമ്പുന്നതിനുള്ള സൗകര്യങ്ങളാണ് സംരംഭത്തിനുള്ളത്. ഔപചാരികമായ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ഗോവിന്ദമൂല പണിയ ഊരിൽ നടക്കും. ആരോഗ്യവകുപ്പിൽനിന്ന് സൂപ്പർവൈസറായി വിരമിച്ച മത്തായി നെടിയാനിക്കുഴി മാനേജിങ് ഡയറക്ടറായ സംരംഭത്തിന്റെ ചെയർമാൻ ഊരുമൂപ്പൻ ജി. പാലൻ ആണ്. ഉടമസ്ഥതയിലും ലാഭവിഹിതത്തിലും എല്ലാവർക്കും തുല്യ പങ്കാളിത്തമാണുള്ളത്. പണിയ വിഭാഗത്തിൽ നിന്നുള്ള ഈ മുന്നേറ്റം ആദിവാസി സമൂഹത്തിന്റെ പുതിയ ശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനും വഴിതുറക്കുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9.00ന് "പണിയ മക്കൾകൂട്ടം" സെമിനാർ നടക്കും. 11ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഊരുമൂപ്പൻ ജി. പാലൻ അധ്യക്ഷതവഹിക്കും.
ഡോ. ഗീവർഗീസ് മർജൂലിയോസ് മെത്രാപ്പോലീത്ത (എൻ.സി.സി.ഐ ദേശീയ അധ്യക്ഷൻ, മലങ്കര ഓർത്തോഡോക്സ് സഭ കുന്നംകുളം ഭദ്ര സന്നാധിപൻ ) ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പണിയൻ സമർപ്പണം നിർവഹിക്കും.
സമ്മേളനത്തിൽ പണിയ ഗോത്രത്തിൽ നിന്നും ആദ്യമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ബിന്ദു അനന്തൻ (നെൻമേനി ഗ്രാമപഞ്ചായത്ത്), പണിയ ഭാഷയിലെ ആദ്യത്തെ പാഠ പുസ്തകത്തിന്റെ രചയിതാവ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി ടെക്സ്റ്റ് ബുക്ക് ) സിജു സി, മീന എന്നിവരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.