സി.എ. കുര്യൻ; പൊതുപ്രവർത്തനത്തിെൻറ മാതൃക -പന്ന്യൻ രവീന്ദ്രൻ
text_fieldsകേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിെൻറ തലമുതിർന്ന നേതാവായിരുന്നു സി.എ. കുര്യൻ. ബാങ്ക് ഉദ്യോഗം രാജിവെച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നുവന്നത്. '60കളിൽ കേരള രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ സമയമായിരുന്നു. വിമോചന സമരത്തിലൂടെ കമ്യൂണിസ്റ്റ് ഗവൺമെൻറിനെ അട്ടിമറിച്ച ജാതിമതശക്തികൾ ചേർന്ന് കെട്ടിപ്പടുത്ത മുന്നണി കേരളം ഭരിക്കുന്നു. പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രി.
ഇൗ സമയത്താണ് ഉപ്പുതറയിൽ കർഷകത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്. കൃഷിക്കാരുടെ സമരത്തെ നേരിടാൻ അധികാരികൾ ജന്മിമാരെ സഹായിച്ച ഘട്ടത്തിലാണ് കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും രക്ഷക്കെത്തിയത്. ആ സമരം നയിക്കാൻ മുന്നോട്ടുവന്നത് സി.എ. കുര്യൻ എന്ന ചെറുപ്പക്കാരനായിരുന്നു. വയസ്സ് 27. സമരം കാണാനും നിർദേശങ്ങൾ നൽകാനും എത്തിയ എം.എൻ. ഗോവിന്ദൻനായർ കുര്യനുമായി പരിചയപ്പെട്ടു. പരിചയം കുര്യനെ ഇടുക്കിയിലേക്കെത്തിച്ചു.
എം.എൻ പറഞ്ഞു 'തനിക്ക് ചെറുപ്പമല്ലേ, കാലാവസ്ഥ കുറച്ച് തണുപ്പായിരിക്കും, പക്ഷേ, അവിടെ നിരവധി കുടുംബങ്ങൾ തോട്ടത്തിൽ കൊളുന്ത് നുള്ളാൻ വന്നിട്ടുണ്ട്. ഒരാനുകൂല്യവും കിട്ടുന്നില്ല. ജീവിതം ദുരിതമാണ്. അവരെ സഹായിക്കാൻ ദേവികുളത്തും മൂന്നാറിലും ചെല്ലണം'... അങ്ങനെയാണ് തോട്ടംതൊഴിലാളികളെ സംഘടനയുെട കീഴിൽ അണിനിരത്തുന്നത്. 61 വർഷം അവർക്കിടയിൽ പ്രവർത്തിച്ച് എല്ലാ സ്നേഹവിശ്വാസങ്ങളും നേടിയ സമാനതകളില്ലാത്ത തൊഴിലാളി നേതാവായിരുന്നു സി.എ. കുര്യൻ. ഇടക്കാലത്ത് തൊഴിലാളികളെ ഭിന്നിപ്പിക്കാൻ പൊമ്പിളൈ ഒരുമൈ എന്ന പേരിൽ േതാട്ടം മേഖലയിൽ ഒരു ചെറിയ വിഭാഗം പ്രവർത്തിച്ചെങ്കിലും കുര്യനോടുള്ള വിശ്വാസം കൊണ്ട് വേരുപിടിക്കാൻ കഴിഞ്ഞില്ല. 1977 മുതൽ മൂന്നുതവണ എം.എൽ.എയും ഒരിക്കൽ ഡെപ്യൂട്ടി സ്പീക്കറായും പാർലമെൻററി രംഗത്തുണ്ടായിരുന്നു.
സാമാജികൻ എന്ന നിലയിൽ ജനകീയപ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിൽ കണിശത പാലിച്ചു അദ്ദേഹം. ഏത് പ്രശ്നവുമായി വരുന്നവേരാടും സ്നേഹത്തോടെ പെരുമാറാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ടുനിർത്തി. പാർലമെൻറിലേക്ക് ഒരുവട്ടം മത്സരിച്ചെങ്കിലും ജയിച്ചില്ല. 10 ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന പാർട്ടി സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പെങ്കടുത്തിരുന്നു.
നിസ്വാർഥമായി പൊതുപ്രവർത്തനം നടത്തി മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. ആറു പതിറ്റാണ്ട് മൂന്നാറിൽ പൊതുപ്രവർത്തനം നടത്തിയ സി.എ. കുര്യനെക്കുറിച്ച് ഒരു തുണ്ടു ഭൂമിപോലും കൈവശപ്പെടുത്തിയെന്ന ആക്ഷേപം ആർക്കും ഉന്നയിക്കാൻ കഴിഞ്ഞില്ല. സത്യസന്ധനായ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.