ആർഭാടത്തിൽ പോയി മയങ്ങരുത്, സുധാകരന് സാമാന്യ യുക്തിയില്ലെന്നും പന്ന്യൻ രവീന്ദ്രൻ
text_fieldsതിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ വിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മോൻസണുമായുള്ള അടുപ്പത്തെക്കുറിച്ച് സുധാകരന്റെ ന്യായം സാമാന്യയുക്തിക്ക് ചേരുന്നതല്ല. നമ്മൾ ഏത് ചികിത്സക്ക് ആരുടെ അടുത്ത് പോകുമ്പോഴും അയാളെക്കുറിച്ച് ഒരു സാമാന്യ അറിവ് വേണമല്ലോ. പൊതുപ്രവർത്തകർക്ക് പ്രത്യേകിച്ചും. സുധാകരൻ പറഞ്ഞത് മോൻസന്റെ അടുത്ത് ത്വക് രോഗ ചികിത്സക്ക് പോയിയെന്നാണ്. ഇയാൾ ത്വക് രോഗ വിദഗ്ധനാണെന്ന് ആരാണ് പറഞ്ഞതെന്നും പന്ന്യൻ രവീന്ദ്രൻ ചോദിച്ചു.
മോൻസൺ വീഴ്ത്തിയത് വീഴ്ത്താൻ പറ്റിയവരെയാണ്. ആർഭാടത്തിൽ പോയി മയങ്ങരുതെന്നും പന്ന്യൻ സുധാകരനെ ഉപദേശിച്ചു. പഠിച്ച കുറ്റവാളികളുടെ തട്ടിപ്പ് മനസ്സിലാക്കാനുള്ള മാനസിക അവസ്ഥ പൊലീസിനുണ്ടാകണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
നേരത്തേ, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സുധാകരനുമായി പ്രതിക്കുള്ള ബന്ധം അന്വേഷണത്തിൽ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ടെന്നും വിജയരാഘവൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.