പാനൂർ ബോംബ് സ്ഫോടനം: സി.പി.എം വാദം പൊളിയുന്നു, രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്
text_fieldsകണ്ണൂർ: പാനൂരിൽ ബോംബ് സ്േഫാടനത്തിൽ സി.പി.എം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമാണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നുമാണ് സി.പി.എം നേതൃത്വം പറഞ്ഞത്. കേസിലെ ആറ്, ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനു ചെന്നവരാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാദം. ഇത് പാടെ തള്ളിക്കളയുകയാണ് റിമാൻഡ് റിപ്പോർട്ട്. സി.പി.എം നിലപാടിനെതിരായ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് തന്നെ കോടതിയിൽ നൽകിയത് തെരഞ്ഞെടുപ്പ് വേളയിൽ വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിൽ.
പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡി.വൈ.എഫ്.ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി സിജാൽ, അക്ഷയ് എന്നിവരുടെ പങ്കും റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേസിൽ പിടിയിലായ 12 പ്രതികളും സി.പി.എം പ്രവർത്തകരാണ്.
ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസിനു മുൻപിലുള്ളത്. സംഭവദിവസം അമലും സായൂജും സ്ഥലത്തുണ്ടായിരുന്നു. കൂട്ടുപ്രതികൾ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതായി ഇവർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇവർ മുൻകയ്യെടുത്തതായും പൊലീസ് കണ്ടെത്തി. സ്ഫോടനം നടന്നയുടൻ അമൽബാബു സ്ഥലത്തെത്തി മറ്റു ബോംബുകൾ തൊട്ടടുത്ത പറമ്പിൽ ഒളിപ്പിക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് മണൽ കൊണ്ടുവന്നിട്ട്, തെളിവു നശിപ്പിക്കാനും ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.