പന്തീരാങ്കാവ് മാവോവാദി കേസ്: വിജിത്ത് വിജയന് ജാമ്യമില്ല
text_fieldsകൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിലെ നാലാം പ്രതിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. വയനാട് കൽപറ്റ സ്വദേശി വിജിത്ത് വിജയന്‍റെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. ഹരജിക്കാരൻ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയിൽ അംഗമായിരുന്നെന്ന് മാത്രമല്ല സംഘടനാതലത്തിൽ നിർണായക സ്ഥാനം വഹിച്ചിരുന്നെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് 2019 നവംബർ ഒന്നിന് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട കേസാണിത്. ഇവർക്ക് മാവോവാദി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം എൻ.ഐ.എക്ക് കൈമാറിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാം പ്രതി സി.പി. ഉസ്മാൻ പൊലീസിനെ കണ്ട് ഓടിമറഞ്ഞിരുന്നു.
അന്വേഷണത്തിൽ വിജിത്ത് വിജയനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി പ്രതി ചേർത്തു. ഉസ്‌മാനും വിജിത്തും പിന്നീട് അറസ്റ്റിലായി. 2021 ജനുവരി 21ന് വിജിത്തിനെ അറസ്റ്റ് ചെയ്തശേഷം അനുബന്ധ കുറ്റപത്രം എൻ.ഐ.എ കോടതിയിൽ നൽകി. മാവോവാദി സംഘടനയുടെ വിദ്യാർഥി വിഭാഗമായ പാഠാന്തരത്തിൽ 2014 മുതൽ അംഗമായിരുന്നെന്നും 2016ൽ മാവോയിസ്റ്റ് സംഘടനയിൽ ചേർന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. ബാലു, മുസാഫിർ, അജയ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെതിരെ കലാപമുണ്ടാക്കാൻ ആശയപ്രചാരണത്തിനും ആളുകളെ റിക്രൂട്ട് ചെയ്യാനും വിജിത്ത് പ്രവർത്തിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.