‘രാഹുലേട്ടനെ മിസ്സ് ചെയ്യുന്നു, മോശമായി പറഞ്ഞത് ചെയ്യാൻ പാടില്ലാത്ത തെറ്റ്’: പന്തീരാങ്കാവ് പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ നേരത്തെ പറഞ്ഞ കാര്യങ്ങളിൽനിന്ന് മലക്കം മറിഞ്ഞ് പരാതിക്കാരിയായ യുവതി. പറഞ്ഞത് കളവാണെന്നും ഭർത്താവായ രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും ക്ഷമാപണം നടത്തുന്നുവെന്നും യൂട്യൂബ് വിഡിയോയിൽ യുവതി പറഞ്ഞു.
‘തന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. ആരും തന്നെ സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്’ -യുവതി പറഞ്ഞു.
കേസിനെ തുടർന്ന് രാജ്യം വിട്ട പ്രതിയും യുവതിയുടെ ഭർത്താവുമായ രാഹുലിനെ നാട്ടിലെത്തിക്കാൻ സി.ബി.ഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. വീട്ടുകാരുടെ പ്രേരണയെ തുടർന്നാണ് ആരോപണമുന്നയിച്ചത് എന്നാണ് വിഡിയോ സന്ദേശത്തിൽ പറയുന്നത്. എന്നാൽ, മകളെ കഴിഞ്ഞദിവസം മുതൽ കാണാനില്ലെന്നും രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പിതാവ് പറഞ്ഞു. മകളെ അവർ ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാമെന്നും അദ്ദേഹം ആരോപിച്ചു.
‘മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. മകളെ രാഹുൽ അടിച്ചു എന്നത് വാസ്തവമാണ്. അതിനു തെളിവുകൾ ഉണ്ട്. ബെൽറ്റ് കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്. ഫോറൻസിക് തെളിവുകളും ഉണ്ട്’ -അൻ പറഞ്ഞു.
‘തന്നെ രണ്ട് അടി അടിച്ചത് ശരിയാണ്, എന്നാൽ ആരോപണങ്ങളെല്ലാം തെറ്റ്’
പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നതായി യുവതി നീമ ഹരിദാസ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. തന്നെ രണ്ട് അടി അടിച്ചത് ശരിയാണെന്നും എന്നാൽ, മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും യുവതി പറയുന്നു.
‘കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു. കല്യാണത്തിന് മുൻപ് അവരിൽനിന്ന് ഡിവോഴ്സ് കിട്ടുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ആ ഘട്ടത്തിൽ വിവാഹം മാറ്റിവെക്കാൻ രാഹുലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ താനാണ് വിവാഹവുമായി മുന്നോട്ട് പോകാൻ നിര്‍ബന്ധിച്ചത് താനാണ്. അച്ഛനോടും അമ്മയോടും ഇക്കാര്യം പറയാൻ അന്ന് രാഹുലേട്ടൻ പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞാൽ എന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഭയന്ന് താനന്ന് പറഞ്ഞില്ല. മെയ് അഞ്ചിനായിരുന്നു വിവാഹം നടന്നത്. കല്യാണത്തിൻ്റെ ഒരു ഘട്ടത്തിലും സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീല് പറഞ്ഞിട്ടാണ് 150 പവൻ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്റെ ചെലവ് മിക്കതും രാഹുലേട്ടനാണ് നടത്തിയത്. തന്റെ എല്ലാ വസ്ത്രങ്ങളും രാഹുലേട്ടനാണ് വാങ്ങിത്തന്നത്.
രാഹുലേട്ടൻ എന്നെ തല്ലിയത് ശരിയാണ്. അന്ന് തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരിലാണ് തല്ലിയത്. രണ്ട് തവണ തല്ലി. അന്ന് ഞാൻ കരഞ്ഞ് ബാത്ത്‌റൂമിൽ പോയി. അവിടെ വച്ച് വീണു. തലയിടിച്ച് വീണാണ് മുഴ വന്നത്. അന്ന് തന്നെ ആശുപത്രിയിൽ പോയി. കാര്യങ്ങളെല്ലാം ആശുപത്രിയിൽ ഡോക്ടറോട് സംസാരിച്ചു. മാട്രിമോണിയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണം. തെറ്റ് തന്റെ ഭാഗത്ത് തന്നെയാണ്. തന്നെ രണ്ട് അടി അടിച്ചത് ശരിയാണ്. എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണ്.
അടി നടന്നതിന്റെ അടുത്ത ദിവസമാണ് അടുക്കള കാണൽ ചടങ്ങിന് തന്റെ വീട്ടിൽ നിന്ന് 26 പേര്‍ വന്നത്. അപ്പോഴേക്കും തങ്ങൾ പ്രശ്നങ്ങൾ പറഞ്ഞുതീര്‍ത്തിരുന്നു. മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ തുടരെ ചോദിച്ചപ്പോൾ അടിച്ചെന്ന് പറഞ്ഞു. അന്ന് തന്നെ വീട്ടുകാര്‍ തന്നെ കൂട്ടിക്കൊണ്ടുപോയി. ബലംപ്രയോഗിച്ചാണ് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിൽ പോയി വീട്ടുകാര്‍ പരാതി നൽകി. പൊലീസുകാരനോട് രാഹുലേട്ടന്റെ കൂടെ തിരികെ പോകണം എന്നാണ് പറഞ്ഞത്’ -യുവതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.