പന്തീരങ്കാവ് യു.എ.പി.എ കേസ്: താഹ ഫസൽ ജയിൽ മോചിതനായി
text_fieldsതൃശൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായി വിയ്യൂർ അതിസുരക്ഷ ജയിലിൽ കഴിഞ്ഞിരുന്ന താഹ ഫസൽ മോചിതനായി. വെള്ളിയാഴ്ച ഉച്ചക്ക് എൻ.ഐ.എ കോടതി മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഉത്തരവ് ജയിലിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് 5.55ഓടെയാണ് താഹ പുറത്തിറങ്ങിയത്.
മാതാവ് ജമീലയും പിതാവ് അബൂബക്കറും സഹോദരൻ ഇജാസും അഭിഭാഷകൻ ബാബുവും സ്വീകരിക്കാൻ എത്തിയിരുന്നു. സുപ്രീം കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് മോചനം. പുറത്തിറങ്ങിയ താഹ സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.
യു.എ.പി.എക്കെതിരെ പറയുന്ന സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള സർക്കാറിന് എതിരെയുള്ളതാണ് സുപ്രീം കോടതി വിധിയെന്ന് താഹ പ്രതികരിച്ചു. യു.എ.പി.എ പോലുള്ള നിയമങ്ങൾ രാജ്യത്ത് പൊതുപ്രവർത്തന രംഗത്തുള്ളവർക്കെല്ലാമുള്ള മുന്നറിയിപ്പാണ്. നിരവധിയാളുകൾ കൂടെ നിന്നു. അവർക്കെല്ലാം നന്ദിയുണ്ട്. നാട്ടിലെ സി.പി.എമ്മുകാരായ സുഹൃത്തുക്കൾ നിരന്തരം ബന്ധപ്പെടാറും വീട്ടിലേക്ക് സഹായം ചെയ്യാറുമുണ്ടെങ്കിലും മറ്റൊരു സഹായവും സി.പി.എമ്മിൽ നിന്ന് ലഭിച്ചില്ലെന്നും താഹ പറഞ്ഞു.
2019 നവംബറിലാണ് അലനെയും താഹയെയും മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.