യു.എ.പി.എ കേസിലെ ജാമ്യം; മുഖ്യമന്ത്രിക്ക് തിരിച്ചടി, കരിനിയമം പ്രയോഗിച്ചത് ന്യായീകരിച്ചത് പലതവണ
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ശുഹൈബിന് പിന്നാലെ താഹ ഫസലിന് ജാമ്യം ലഭിച്ചതും അലെൻറ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ഹരജി തള്ളിയതും സുപ്രീംകോടതി പരാമർശങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. യു.എ.പി.എ വിഷയത്തിൽ ദേശീയതലത്തിൽ സി.പി.എം നിലപാടുകൾ തള്ളി വിദ്യാർഥികളായ അലനും താഹക്കുമെതിരെ കരിനിയമം പ്രയോഗിച്ചത് തുടക്കം മുതൽ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കൂടിയായിരുന്ന ഇവരെ മാവോവാദികളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തതിനെതിരെ പാർട്ടി ഏരിയ കമ്മിറ്റിയും ജില്ല കമ്മിറ്റിയും സ്വീകരിച്ച നിലപാടുകൾ തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ, നേതാക്കളായ ഡോ. തോമസ് ഐസക്, എം.എ. ബേബി തുടങ്ങിയവരും പൊലീസ് നടപടിക്കെതിരായിരുന്നു. പിന്നീട് പാർട്ടിയും മുഖ്യമന്ത്രിയുടെ വഴിക്ക് സഞ്ചരിച്ചു. ശക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വിമർശകരെ നേരിട്ടത്. ചായ കുടിച്ചതിനല്ല അറസ്റ്റെന്നും ഗൗരവമുള്ള കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നുമായിരുന്നു വാദം. എന്നാൽ, എൻ.ഐ.എ തെളിവുകൾ സുപ്രീം കോടതിയും തള്ളിയതോടെ മുഖ്യമന്ത്രിയുടെ അവകാശവാദമാണ് പൊളിയുന്നത്.
2019 നവംബർ ഒന്നിനാണ് താഹ ഫസലിനെയും അലൻ ശുഹൈബിനെയും പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രി കോഴിക്കോട്ടുള്ള ദിവസമായിരുന്നു ഇത്. ഇരുവരുടെയും ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടപ്പോൾ 'നോക്കാം' എന്നു മറുപടി നൽകിെയങ്കെിലും പിന്നീട് നടപടികളെ ന്യായീകരിക്കുകയായിരുന്നു. ഏതാനും പുസ്തകങ്ങളും ലഘുലേഖയും ആയിരുന്നു തെളിവുകൾ. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടികൾ.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ എഴുത്തുകാരെയും ബുദ്ധിജീവികളെയും അധ്യാപകരെയും വിദ്യാർഥികളെയുമെല്ലാം യു.എ.പി.എ ചുമത്തി ബി.ജെ.പി ഭരണകൂടം ജയിലിലടക്കുന്നതിനെതിരെ സി.പി.എം ദേശീയ നേതൃത്വം നിലപാടെടുക്കുേമ്പാൾ കേരള പൊലീസ് വിദ്യാർഥികൾക്കെതിരെ ഇതേ നിയമം പ്രയോഗിച്ചത് പാർട്ടി കേന്ദ്രകമ്മിറ്റിയെയും പ്രതിരോധത്തിലാക്കിയിരുന്നു. സംസ്ഥാനങ്ങളിൽ എൻ.ഐ.എയുടെ അമിത ഇടപെടലിനെ സി.പി.എം എതിർക്കുേമ്പാൾ ലഘുലേഖയുടെ പേരിൽ വിദ്യാർഥികളെ ആഭ്യന്തര വകുപ്പ് എൻ.ഐ.എക്ക് എറിഞ്ഞുകൊടുത്തതും വിമർശിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.