ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ, ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നെന്ന് പന്തീരാങ്കാവ് പീഡനക്കേസ് പ്രതി രാഹുൽ
text_fieldsകൊച്ചി: താനും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകൾ മാത്രമായിരുന്നെന്നും അത് പരിഹരിച്ച സാഹചര്യത്തിൽ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാല്‍. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും നിലവിലുള്ള ക്രിമിനൽ കേസും പൊലീസിന്റെ തുടർച്ചയായ ഇടപെടലും കാരണം ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു. തന്നെ രാഹുല്‍ മർദിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്നുമുള്ള യുവതിയുടെ സത്യവാങ്മൂലവും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
തെറ്റിദ്ധാരണകൾ നീങ്ങുകയും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്രിമിനൽ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും. തങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മിൽ സംസാരിച്ചു മാറ്റുകയും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും ഹരജിയിൽ പറയുന്നു.
രാഹുൽ, മാതാവ്, സഹോദരി, രാഹുലിന്റെ സുഹൃത്ത് എന്നിവരാണ് തങ്ങൾ നിരപരാധികളാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാരിനോട് ഹൈകോടതി നിലപാട് തേടിയിട്ടുണ്ട്. സർക്കാർ, പന്തീരാങ്കാവ് എസ്.എച്ച്.ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.
പന്തീരാങ്കാവ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെയും രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ പ്രേരണയെ തുടർന്നാണ് ആരോപണമുന്നയിച്ചതെന്നാണ് യൂട്യൂബ് വിഡിയോയിലൂടെ വെളിപ്പെടുത്തിയത്. തന്നെ രാഹുൽ മർദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി ഇതിൽ പറഞ്ഞിരുന്നു. എന്നാൽ, ഭർതൃവീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണു മകൾ ഇങ്ങനെ പറയുന്നതെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.