പാനൂർ സ്ഫോടനം: സി.പി.എം പങ്ക് വ്യക്തം -കെ. സുധാകരൻ
text_fieldsകണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചതിലൂടെ പാർട്ടിയുടെ പങ്ക് വ്യക്തമായെന്ന് കെ. സുധാകരൻ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും പേരില്‍ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ ആദ്യം തള്ളിപ്പറയുകയും അണിയറയില്‍ പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതാണ് സി.പി.എം നേതൃത്വത്തിന്റെ എക്കാലത്തെയും നിലപാട്. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒടുവില്‍ പ്രതികള്‍ക്കെല്ലാം നിയമസഹായം ഉൾപ്പെടെ എല്ലാവിധ സംരക്ഷണവും ഒരുക്കി നൽകിയവരാണ് സി.പി.എം.
സംസ്ഥാന നേതൃത്വം ഇതിനെ തള്ളിപ്പറയുന്നുണ്ടെങ്കിലും ഒട്ടും വൈകാതെ പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിക്ക് വേണ്ടിയുള്ള കുടുംബ പാക്കേജ് സി.പി.എം പ്രഖ്യാപിക്കും. പരാജയഭീതിയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി ബന്ധം നിഷേധിച്ച് എം.വി. ഗോവിന്ദൻ
തൃശൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സി.പി.എം നേതാക്കൾ എത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവർ പരിശോധിക്കട്ടെയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആ സ്ഫോടനവുമായോ അതിൽ ഉൾപ്പെട്ടവരുമായോ പാർട്ടിക്ക് ഒരു ബന്ധവുമില്ല. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരുവന്നൂരിൽ എത്തിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അദ്ദേഹം 26 വരെ ഇവിടെത്തന്നെ താമസിച്ചാലും കുഴപ്പമില്ല എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.