പാനൂര്‍ ബോംബ് സ്ഫോടനം; സി.പി.എം പ്രതിക്കൂട്ടിൽ, വിനീഷിന്‍റെ നില ഗുരുതരം
text_fieldsകണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. ഒളിവിലുള്ള പ്രതികൾക്കായുളള അന്വേഷണം തുടരുകയാണ് പൊലീസ്. ഇതിനിടെ, സംഭവുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും സി.പി.എം പ്രതിക്കൂട്ടിൽ തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. എല്ലാവരുടെയും സി.പി.എം ബന്ധം തന്നെയാണ് തിരിച്ചടിയായത്. ബോംബ് നിർമിക്കാൻ നേതൃത്വം നൽകിയ
ഷിജാലിനെയും അക്ഷയ്‍യേയുമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് പറയുന്നു. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
ഇതിനിടെ, സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. നിലവിൽ, കേസില്‍ അറസ്റ്റിലായവരുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്. സ്ഫോടനം നടന്നയിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സി.പി.എം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നറിയുന്നു.
പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ സി.ആർ.പി.എഫിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലും പരിശോധന നടന്നിരുന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
പാനൂര്‍ കുന്നോത്ത് പറമ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്‍റവിട ഷെറിൻ (31) ആണ് മരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെയുണ്ടായ ബോംബ്സ്ഫോടനം ചർച്ചയാക്കാനാണ് യു.ഡി.എഫ് നീക്കം. നേരത്തെ തന്നെ വടകര, കണ്ണൂർ മണ്ഡലങ്ങളിൽ ആർ.എം.പിയും യു.ഡി.എഫും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം സജീവ വിഷയമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.