സ്വർണക്കടത്ത്: പാനൂർ സ്വദേശി കസ്റ്റഡിയിൽ
text_fieldsതലശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി ഹഫ്സലിനെ തലശ്ശേരിയിലേക്ക് തട്ടിക്കൊണ്ടുവന്ന സ്വർണക്കള്ളക്കടത്ത് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണക്കട്ടിയുടെ ഒരുഭാഗം പാനൂരിനടുത്തുള്ള വീട്ടിൽനിന്നും നെടുമ്പാശ്ശേരി പൊലീസ് കണ്ടെടുത്തു.
ബുധനാഴ്ച രാത്രി പാനൂർ അണിയാരത്തെ വീടുവളഞ്ഞ് നടത്തിയ പരിശോധനയിലാണ് 860 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ജ്വല്ലറികളുമായി ബന്ധമുള്ളയാളുടേതാണ് വീട്. ഇയാളെയും നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഘത്തിന് കൈമാറാനുള്ള ഒരുകിലോ സ്വർണവുമായാണ് ഹഫ്സൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമാനിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.കാരിയറായ യുവാവ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തുകടന്നതോടെ കണ്ണൂർ ബന്ധമുള്ള മറ്റൊരു സംഘം വിമാനത്താവളത്തിനുപുറത്ത് ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തലശ്ശേരിയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ഹഫ്സലിനെയും തട്ടിക്കൊണ്ടുപോകൽ സംഘത്തിൽപെട്ട 13 പേരെയും രഹസ്യവിവരത്തെത്തുടർന്ന് തലശ്ശേരി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നായിരുന്നു ഹഫ്സൽ പറഞ്ഞത്. കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കാൻ വന്നതാണെന്നായിരുന്നു ഹഫ്സൽ പൊലീസിനോട് പറഞ്ഞത്.
എന്നാൽ, ഹഫ്സലടക്കം 14 പേരെയും മറ്റൊരു പരാതിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് വിവരങ്ങൾ ലഭിച്ചത്. ഹഫ്സലിനൊപ്പമുണ്ടായ 13 പേരിൽ പാനൂർ ശ്രീനിലയത്തിൽ ശ്രീലാൽ (32), പാനൂരിനടുത്ത മനേക്കരയിലെ ലിബിൻ (32), വാരിയംകണ്ടത്ത് അജ്മൽ (27), ചൊക്ലി കുന്നുമ്മക്കണ്ടി കെ. നജീബ് (22), പന്തക്കൽ കാർത്തികയിൽ റെനീഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.