പ്രതീക്ഷയുടെ വട്ടത്തിൽ പപ്പട നിർമാണ തൊഴിലാളികൾ
text_fieldsകൊടുവായൂർ: ഓണക്കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പരമ്പരാഗത പപ്പട നിർമാണ മേഖല. രണ്ട് വർഷത്തോളമായി കോവിഡ് കാലത്ത് വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടതോടെ വിപണി അവതാളത്തിലായിരുന്നു. എന്നാൽ കടബാധ്യതകൾ ഓണവിപണിയിലൂടെ തീർക്കാനായേക്കുമെന്ന പ്രതീക്ഷയിലാണ്. കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, കുനിശേരി, കാവശേരി എന്നിവിടങ്ങളിലായി പാരമ്പര്യമായി പപ്പടം നിർമിക്കുന്ന 500ൽ അധികം കുടുംബങ്ങൾ ഉണ്ട്. ഇതിൽ കൊടുവായൂരിൽ 30 കുടുംബങ്ങൾ ഇപ്പോഴും പപ്പടം നിർമിച്ച് വിൽപ്പന നടത്തിയാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. ചെറുതും വലുതുമായി മൂന്നുതരം വലുപ്പങ്ങളിലാണ് പപ്പടം തയാറാക്കുന്നത്. വീടുകളിൽ നിർമിക്കുന്ന പപ്പടം ചെറുപാക്കറ്റുകളിലാക്കി ഓണക്കാലത്ത് കടകളിലും വീടുകളിലും എത്തിച്ചാണ് വിപണി കണ്ടെത്തുന്നത്.
പപ്പട നിർമാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പടക്കാരം, എണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റം തിരിച്ചടിയായതായി അഞ്ച് പതിറ്റാണ്ടിലധികം പപ്പടം നിർമിച്ച് വിൽക്കുന്ന കൊടുവായൂർ നൊച്ചൂർ ഷെരീഫ് കോളനിയിലെ എം. കൃഷ്ണമൂർത്തി പറയുന്നു. ഉൽപ്പന്നങ്ങളുടെ വില വർധനവ് മൂലം പപ്പട വില വർധിപ്പിക്കേണ്ടി വന്നു. ഇത് വിൽപ്പനയെയും ബാധിച്ചു. മിക്ക ചെറുകിട വ്യാപാരികളും ചെറുകിട പപ്പട നിർമാതാക്കളിൽ നിന്നാണ് പപ്പടം വാങ്ങാറ്. എന്നാൽ യന്ത്രങ്ങൾ ഉപയോഗിച്ച് പപ്പടം നിർമിക്കുന്നവരും ബ്രാൻഡഡ് പപ്പടം നിർമിക്കുന്ന കമ്പനികളും ചെറുകിട വ്യാപാരികൾക്ക് കടമായി കൂടുതൽ പപ്പടം നൽകുന്നത് ചെറുകിട പപ്പട കുടുംബങ്ങൾക്ക് തിരിച്ചടിയായി.
പ്രതിസന്ധി മറികടക്കാൻ വീടുകൾ കയറിയിറങ്ങി പപ്പടം വിൽപ്പന നടത്തുകയാണ് കൊടുവായൂർ ഷെരീഫ് കോളനിയിലെ കൃഷ്ണമൂർത്തി-ജയലക്ഷ്മി ദമ്പതികൾ. ഓണക്കാലത്തെ വിപണിയെ പ്രതീക്ഷിച്ചാണ് പപ്പടം നിർമണവും ചില്ലറ വിതരണവും നടത്തുന്നതെന്നും സാധാരണക്കാരുടെ വീടുകളിൽ പപ്പടം എത്തിക്കുമ്പോൾ നിരസിക്കാത്തതാണ് ജീവിതം മുന്നോട്ടുനീങ്ങാൻ കാരണമെന്ന് നാല് പതിറ്റാണ്ടായി പപ്പടം നിർമിക്കുന്ന ജയലക്ഷ്മി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.