ഫോർട്ട്കൊച്ചിയിൽ പാപ്പാഞ്ഞി വിവാദം കൊഴുക്കുന്നു
text_fieldsഫോർട്ട്കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ തയ്യാറാക്കുന്ന പാപ്പാഞ്ഞി നിർമാണം വിവാദത്തിലേക്ക്. ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ ഗാലാ ഡി ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പാപ്പാഞ്ഞിയെ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ക്ലബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് വെളി മൈതാനിയിൽ പാപ്പാഞ്ഞിയെ സ്ഥാപിച്ചുവരുന്നത്. ഇത് നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ട് നാല് ദിവസം പിന്നിട്ടു. പൊലീസ് നോട്ടീസിനെ നിയമപരമായി നേരിടാനാണ് ക്ലബ് ഭാരവാഹികളുടെ നീക്കം.
അമ്പതടി ഉയരമുള്ള പാപ്പാഞ്ഞിയും സുരക്ഷാഭീഷണിയും
കൊച്ചിൻ കാർണിവൽ ആഘോഷ ഭാഗമായി ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ അമ്പതടി ഉയരമുള്ള പാപ്പാഞ്ഞിയെ സ്ഥാപിക്കുന്നുണ്ട്. ഇത് 31ന് രാത്രി പുതുവർഷ പുലരിയിലേക്ക് കടക്കുന്ന വേളയിൽ അഗ്നിക്കിരയാക്കും.
വിദേശികളും സ്വദേശികളും അടക്കം ലക്ഷക്കണക്കിന് ആളുകൾ കാണാനെത്തുന്ന ഇവിടെ സുരക്ഷ ഒരുക്കാൻ ആയിരത്തോളം പൊലീസിനെ വിന്യസിക്കേണ്ടി വരുമെന്നും അതിനാൽ പരേഡ് മൈതാനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വെളിയിൽ സ്വകാര്യ ക്ലബുകളുടെ നേതൃത്വത്തിലുള്ള പാപ്പാഞ്ഞി കത്തിക്കലിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 40 വർഷമായി നടക്കുന്ന കൊച്ചിൻ കാർണിവലിന്റെ ഭാഗമായ പാപ്പാഞ്ഞിയെ കത്തിക്കൽ മാത്രം മതിയെന്നതാണ് പൊലീസ് നിലപാട്. കുട്ടികളുടെ സംഘങ്ങൾ വരെ ചെറിയ പാപ്പാഞ്ഞികളെ നിർമിച്ച് 31ന് അർധരാത്രി കത്തിച്ച് കളയാറുണ്ട്. ഏതാണ്ട് ഇരുന്നൂറോളം പാപ്പാഞ്ഞികളെ ഇത്തരത്തിൽ എല്ലാവർഷവും കത്തിക്കാറുണ്ട്. പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിലെ തിരക്ക് കുറക്കാനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ.
കൊച്ചിയുടെ പൈതൃക ഭാഗം കൂടിയായ ഈ പരമ്പരാഗത രീതി കഴിഞ്ഞ വർഷം പൊലീസ് വിലക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു പാപ്പാഞ്ഞി മാത്രം മതിയെന്ന പൊലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊതുവേ ഉയർന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.