വിവാദങ്ങളിൽ ആടിയുലഞ്ഞ് കൊച്ചിയിലെ പപ്പാഞ്ഞികൾ
text_fieldsഫോർട്ട്കൊച്ചി: പുതുവത്സര ആഘോഷത്തിന് മാറ്റുകൂട്ടുന്ന ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞികൾ ആളെ കൂട്ടുന്നതിനൊപ്പം വിവാദത്തിനും ആക്കം കൂട്ടുന്നു.
കൊച്ചിൻ കാർണിവൽ ആഘോഷത്തെ ഇത്രയും പ്രശസ്തമാക്കാൻ കാരണമായിട്ടുള്ളത് പാപ്പാഞ്ഞി കത്തിക്കൽ ചടങ്ങാണ്. അടുത്ത കാലങ്ങളായി നിർമിക്കുന്ന പപ്പാഞ്ഞികൾ വിവാദങ്ങളിൽപ്പെട്ടുവന്നതോടെ അഗ്നിക്കിരയാക്കുന്ന പപ്പാഞ്ഞികളെ കാണുവാനെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.
മുന്നു പതിറ്റാണ്ടോളം കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയിരുന്നത് ചുവന്ന വസ്ത്രം അണിഞ്ഞ വെളുത്ത താടിയുള്ള പപ്പാഞ്ഞി രൂപത്തെയായിരുന്നു. ഇത് മാറ്റി മോഡേൺ രൂപത്തിലുള്ള പപ്പാഞ്ഞിയെ തയാറാക്കിയത് നാട്ടുകാർക്കിടയിൽ തന്നെ വലിയ തോതിൽ വിമർശനം അഴിച്ചുവിട്ടിരുന്നു. പഴമക്കാരുടെ മനസ്സുകളിൽ ഇടം പിടിച്ച പൈതൃക രൂപമാറ്റം ഉൾകൊള്ളാൻ നല്ലൊരു വിഭാഗം നാട്ടുകാർ വൈമനസ്യം കാണിച്ചത് ആദ്യം വിവാദത്തിനിടയാക്കി. പിന്നീട് പ്രധാനമന്തിയുടെ മുഖഛായയുള്ള പപ്പാഞ്ഞിരൂപം വൻ വിവാദത്തിന് വഴിതെളിയിച്ചു.
ഈ രൂപം കത്തിക്കുന്നത് കാണാൻ വലിയ ജനവിഭാഗം എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് നൂറു കണക്കിനാളുകളെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇടക്ക് പപ്പാഞ്ഞിയെ പച്ച നിറത്തിലുള്ള ഉടുപ്പ് അണിയിച്ചതും വിവാദത്തിന് ഇടയാക്കിയിരുന്നു.
ഈ വർഷം വെളി മൈതാനത്ത് ഗാല ഡി ഫോർട്ട്കൊച്ചി എന്ന സംഘടന നിർമിച്ച പപ്പാഞ്ഞി 24 മണിക്കൂറിനകം പൊളിച്ചുമാറ്റണമെന്ന പൊലീസിന്റെ നോട്ടീസാണ് വിവാദമായത്. ഒടുവിൽ സംഘാടകർ കോടതിയെ സമീപിച്ച് കത്തിക്കാൻ ഉത്തരവ് വാങ്ങിയതോടെ പൊലീസിന് തല കുനിക്കേണ്ടിവന്നു. ഇതിനിടെ കളിയിടങ്ങളിൽ അടുത്ത വർഷം മുതൽ പപ്പാഞ്ഞിയെ കത്തിക്കൽ, ഡി.ജെ അടക്കമുള്ള ആഘോഷ പരിപാടികൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് കായിക പരിശീലകർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.